ഡോ. സംഗീത് രവീന്ദ്രൻ പുസ്തക പ്രകാശനം പുസ്തക
തർപ്പണമാക്കുന്നു
തിരുവില്വാമല: അച്ഛന്റെ ഓർമകൾ ശേഷിക്കുന്ന നിള നദിയിൽ കാവ്യ സമാഹാരംകൊണ്ട് തർപ്പണം ഒരുക്കി മകൻ. പാലക്കാട് പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസിലെ അധ്യാപകനും യുവ കവിയുമായ ഡോ. സംഗീത് രവീന്ദ്രനാണ് പുസ്തക പ്രകാശനം പുസ്തക തർപ്പണമാക്കിയത്.
ആറുമാസം മുമ്പാണ് അച്ഛൻ എൻ. രവീന്ദ്രൻ മരിച്ചത്. അച്ഛന്റെ ശേഷക്രിയകൾ നടന്നത് നിള തീരത്തായിരുന്നു. വായനയോടും കവിതയോടും വലിയ അടുപ്പമുണ്ടായിരുന്ന അച്ഛനിലേക്ക് പുസ്തകമെത്തിക്കാൻ നിളയാണ് ഏകമാർഗമെന്ന വിശ്വാസമാണ് ഇത്തരത്തിലൊരു ചടങ്ങ് പാമ്പാടി ഐവർമഠം ക്ഷേത്രക്കടവിൽ നടത്താൻ കാരണമായതെന്ന് ഡോ. സംഗീത് രവീന്ദ്രൻ പറയുന്നു.
‘ആ ശംഖ് നീ ആർക്ക് നൽകി’ അഞ്ചാമത്തെ പുസ്തകമാണ് സമർപ്പിച്ചത്. കുത്താംമ്പുള്ളി സൗഡേശ്വരിയമ്മൻ ക്ഷേത്രത്തിലെ പുരോഹിതൻ സാമി സുന്ദരന്റെ കാർമികത്വത്തിൽ പൂജകൾ നടത്തിയശേഷം തൂശനിലയിൽ ദർഭവിരിച്ച് പട്ടിൽപൊതിഞ്ഞ പുസ്തകം നിളയിൽ ഒഴുക്കുകയായിരുന്നു.
ഡോ. സംഗീത് രവീന്ദ്രൻ മക്കളായ സൂര്യനാരായണൻ, സരയു എന്നിവർ ചേർന്നാണ് തർപ്പണം നിർവഹിച്ചത്. ഹരിശ്രീ വിദ്യാനികേതനിലെ വിദ്യാർഥികളു നേതൃത്വത്തിൽ നിള ആരതി നടത്തിയാണ് ചടങ്ങ് അവസാനിപ്പിച്ചത്. നിള വിചാരവേദി ജനറൽ സെക്രട്ടറി വിപിൻ കൊടിയേടത്തിന്റെ സാനിധ്യവും ചടങ്ങിനുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.