തൃശൂർ: ചെലവ് ചുരുക്കലിെൻറയും പുനരുദ്ധാരണത്തിെൻറയും പേരിൽ 80,000ത്തോളം ജീവനക്കാർക്ക് സ്വയം വിരമിക്കൽ നൽകി ഒന്നര വർഷമായിട്ടും ബി.എസ്.എൻ.എൽ വികസനത്തിന് അനിവാര്യമായ 4ജി സംവിധാനത്തിന് നടപടി എങ്ങുമെത്തിയില്ല. ചൈനീസ് കമ്പനികളെ വിലക്കിയതിെൻറ ഭാഗമായി 4ജി ഉപകരണങ്ങൾക്കുള്ള അന്താരാഷ്ട്ര ടെൻഡർ കേന്ദ്ര സർക്കാർ ഇടപെട്ട് നിർത്തിവെപ്പിക്കുകയും 'ആത്മനിർഭർ ഭാരതി'െൻറ പേരിൽ ഇന്ത്യൻ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിക്കാൻ നിർദേശിക്കുകയും ചെയ്ത് ദീർഘകാലമായിട്ടും നടപടിക്രമങ്ങൾ ശൈശവ ദശയിലാണ്. സ്വകാര്യ ടെലികോം കമ്പനികൾ 5ജിയിലേക്ക് കുതിപ്പിന് തയാറെടുക്കുേമ്പാഴാണ് ബി.എസ്.എൻ.എൽ 3ജിയിൽ ഇഴയുന്നത്. എല്ലാം ഓൺലൈനിലേക്ക് മാറിയ കോവിഡ്കാലത്ത് ഇത് ബി.എസ്.എൻ.എല്ലിന് വൻ ആഘാതമാണ് ഏൽക്കുന്നത്.
57,000 4ജി സൈറ്റുകൾ സ്ഥാപിക്കാൻ ആറ് ഇന്ത്യൻ കമ്പനികൾ താൽപര്യപത്രം സമർപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ നടപടി. എച്ച്.എഫ്.സി.എൽ, ഐ.ടി.ഐ ലിമിറ്റഡ്, ടെക് മഹീന്ദ്ര, ലാർസൺ ആൻഡ് ടൂബ്രോ, ടാറ്റ കൺസൾട്ടൻസി സർവിസ്, ഈ രംഗത്ത് നവാഗതരായ ഗാലർ നെറ്റ്വർക്സ് എന്നിവയാണ് ചൊവ്വാഴ്ച താൽപര്യപത്രം സമർപ്പിച്ചത്. ഈ സ്ഥാപനങ്ങൾ സാങ്കേതിക സഹായത്തിന് യു.എസ് കമ്പനി ഉൾപ്പെടെയുള്ളവയെ കൂട്ടുപിടിച്ചിട്ടുണ്ട്. അതേസമയം, ബി.എസ്.എൻ.എൽ പുതുതായി ക്ഷണിക്കാൻ പോകുന്ന 50,000 4ജി സൈറ്റിനുള്ള ടെൻഡറിൽ ഫിൻലാൻഡ് കമ്പനി നോക്കിയ, സ്വീഡനിൽനിന്നുള്ള എറിക്സൺ, ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് എന്നിവയിൽനിന്ന് ഉപകരണങ്ങൾ വാങ്ങാൻ അനുമതി നൽകിയേക്കും.
താൽപര്യപത്രം സമർപ്പിച്ച കമ്പനികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവ അഞ്ച് കോടി രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ച് നിർദിഷ്ട പദ്ധതി നാല് മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച് കാണിക്കണം. എട്ട് നഗരങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇവിടങ്ങളിൽ റേഡിയോ ആക്സസ് നെറ്റ്വർക്കും (ആർ.എ.എൻ) കോർ യൂനിറ്റും വിജയകരമായി പരീക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകും. നിശ്ചിത സമയത്തിനകം പരീക്ഷണം വിജയകരമായാൽ അടുത്ത 14 മാസം കഴിഞ്ഞ് 4ജി സംവിധാനം ഏർപ്പെടുത്താനാവുമെന്നാണ് ബി.എസ്.എൻ.എൽ പ്രതീക്ഷിക്കുന്നത്. അതായത്, കൃത്യസമയത്ത് ഇതെല്ലാം നടന്നാൽ ഏതാണ്ട് രണ്ടു വർഷമെടുക്കും ബി.എസ്.എൻ.എൽ 4ജിയിലേക്ക് മാറാൻ. മറിച്ചാണെങ്കിൽ പിന്നെയും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.