1. പി.പി. മാധവന്റെ ഭാര്യ സാവിത്രിയെയും മക്കളെയും ആശ്വസിപ്പിക്കുന്ന രാഹുൽ ഗാന്ധി 2. പി.പി. മാധവൻ
ഒല്ലൂർ (തൃശൂർ): കഴിഞ്ഞദിവസം ഡൽഹിയിൽ അന്തരിച്ച തൈക്കാട്ടുശ്ശേരി ചെറുശ്ശേരി സ്വദേശി പി.പി. മാധവൻ ന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പേഴ്സനൽ സെക്രട്ടറിയായിരുന്ന മാധവൻ ഭട്ടതിരിപ്പാടിന് അന്തിമോപചാരം അർപ്പിക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി.
ചൊവ്വാഴ്ച പുലർച്ച ഒന്നോടെ മൃതദേഹം ചെറുശ്ശേരിയിലെ തറവാട്ട് വീട്ടിൽ എത്തിച്ചു. തുടർന്ന് തൃശൂർ ആർച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, പെരുവനം കുട്ടൻ മാരാർ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, മന്ത്രി കെ. രാജൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, വി.എം. സുധീരൻ, സനീഷ്കുമാർ എം.എൽ.എ, മുൻ എം.എൽ.എമാരായ എം.പി. വിൻസെന്റ്, അനിൽ അക്കര തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച രാവിലെ 9.15നാണ് മാധവൻ ഭട്ടതിരിപ്പാടിന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചത്. ബന്ധുക്കൾക്കൊപ്പം ഒരു മണിക്കൂർ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പ്രിയങ്ക ഗാന്ധി ഡൽഹിയിൽ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുവേണ്ടി രാഹുൽ ഗാന്ധി പുഷ്പചക്രം സമർപ്പിച്ചു. ഡി.സി.സിക്കുവേണ്ടി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റും പുഷ്പചക്രം സമർപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം രാവിലെ എത്തിയിരുന്നു.രാഹുലും പ്രിയങ്കയും ‘അങ്കിൾ’ എന്ന് വിളിക്കുന്ന മാധവൻ ഭട്ടതിരിപ്പാടുമായി അവരുടെ കുടുംബത്തിന് ഏറക്കാലത്തെ ബന്ധമാണ്. 16 വർഷം മുമ്പ് മാധവൻ ഭട്ടതിരിപ്പാടിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും തൃശൂരിൽ എത്തിയിരുന്നു. ഡൽഹിയിൽ സ്ഥിര താമസക്കാരനായ മാധവൻ ഭട്ടതിരിപ്പാട് രണ്ടാഴ്ച മുമ്പ് ചെറുശ്ശേരിയിലെ വീട്ടിൽ എത്തിയിരുന്നു. രാവിലെ 11ഓടെയാണ് സംസ്കാരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.