തൃശൂർ: രാജ്യത്തെ എല്ലാ ഗോത്രവർഗ മേഖലകളിലും 4ജി, 5ജി മൊബൈൽ കവറേജ് ഉറപ്പാക്കാനും അതിവേഗ മൊബൈൽ ഡേറ്റ വഴി ഡിജിറ്റലായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ജില്ലയിലെ 16 ഗോത്രവർഗ മേഖലകളിൽ ടവറുകൾ സ്ഥാപിച്ച് വരുന്നതായി ബി.എസ്.എൻ.എൽ തൃശൂർ പ്രിൻസിപ്പൽ ജനറൽ മാനേജർ എ.എസ്. സുകുമാരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അതിരപ്പിള്ളി, വെള്ളിക്കുളങ്ങര, പാണഞ്ചേരി, പഴയന്നൂർ മേഖലകളിലെ 22 ആദിവാസി ഗ്രാമങ്ങളിൽ ഉൾപ്പെട്ട കരടിക്കുണ്ട്, മണിയൻകിണർ, കുണ്ടായി എസ്റ്റേറ്റ്, ഒളനപ്പറമ്പ്, ആനപ്പാന്തം (ശാന്തൻപൂവം), അടിച്ചിൽതൊട്ടി, പെരുംപാറ, വെട്ടിവിട്ടകാട്, മാറ്റിൻമുകൾ, താമരവെള്ളച്ചാൽ, ഒളകര, പൊകലപ്പാറ, വാച്ചുമരം, ഷോളയാർ, എച്ചിപ്പാറ, നായാട്ടുകുണ്ട് എന്നിവിടങ്ങളിലാണ് ടവർ സ്ഥാപിക്കുന്നത്.
ഗ്രാമങ്ങളിൽ അതിവേഗ ഫൈബർ ഇന്റർനെറ്റ് സേവനം എത്തിക്കാൻ ആവിഷ്കരിച്ച ‘ഭാരത് നെറ്റ് ഉദ്യമി’ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 6671 കണക്ഷൻ നൽകി. ജില്ലയിലെ 86 പഞ്ചായത്തിൽ 59ലും ഭാരത് നെറ്റ് സാന്നിധ്യമുണ്ട്. ഇതിൽ എഫ്.ടി.ടി.എച്ച് (ഫൈബർ ടു ഹോം) കണക്ഷൻ എടുക്കുമ്പോൾ മോഡം സൗജന്യമാണ്.
പ്രതിമാസം 333 രൂപ മുതലുള്ള പ്ലാനുകളുണ്ട്. ഇതിൽ 30 എം.ബി.പി.എസ് വേഗത്തിൽ ഇൻർനെറ്റും രാജ്യം മുഴുവൻ സൗജന്യമായി വിളിക്കാവുന്ന സൗജന്യ ലാൻഡ്ഫോൺ സേവനവും ലഭിക്കും. ഈ പ്ലാൻ ലഭിക്കാൻ ആറുമാസത്തെ വരിസംഖ്യ ഒരുമിച്ച് അടക്കണം. 399 രൂപയുടെ പ്ലാനുമുണ്ട്. ഈ പദ്ധതിയിൽ കണക്ഷൻ ലഭിക്കാൻ 94000 22440 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്താൽ മതി.
ബി.എസ്.എൻ.എലിന്റെ 24ാം സ്ഥാപിത വാരം ജില്ലയിൽ ആഘോഷിക്കും. ഒക്ടോബർ രണ്ടിന് പുഴയ്ക്കൽ ശോഭ സിറ്റിയിലും മൂന്നിന് കോർപറേഷന് മുന്നിലും ഫ്ലാഷ് മോബ് സംഘടിപ്പിക്കും. നാലിന് വൈകീട്ട് കോവിലകത്തുംപാടത്തെ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ തുടങ്ങുന്ന ബൈക്ക് റാലിയുണ്ട്. ഏഴിന് വൈകീട്ട് നാലിന് സ്വരാജ് റൗണ്ടിൽ ഘോഷയാത്ര, അഞ്ചിന് വൈകീട്ട് നാല് മുതൽ കൂർക്കഞ്ചേരി ഹെയ്നിസ് സ്പോർട്സ് ആൻഡ് ഫിറ്റ്നെസ് സെന്ററിൽ ഫുട്ബാൾ മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ വി. രവിചന്ദ്രൻ, മോളി പോൾ, ടി.ജി. ജോഷി, പി.ആർ.ഒ കെ.ബി. മനോജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.