ചേലക്കര: രമ്യ ഹരിദാസിനെ ചേലക്കരയിലെ നിയമസഭ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ. ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർഥി മതി, ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം രാത്രി ചേലക്കര ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിന് എതിർവശത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ, സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കോ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾക്കോ മറ്റു പോഷക സംഘടനകൾക്കോ ഒരു ബന്ധവുമില്ലെന്നും ഇത് തികച്ചും ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകീർത്തിപ്പെടുത്താൻ മാത്രമുള്ളതാണെന്ന് ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം. അനീഷ് അറിയിച്ചു.
അതേസമയം, സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ സി.പി.എമ്മിന്റെ തരംതാണ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് വള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.ഐ. ഷാനവാസ് പ്രസ്താവനയിൽ പറഞ്ഞു.
തൃശൂർ: കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം നേരിട്ട, തിങ്കളാഴ്ച ഡി.സി.സി പ്രസിഡന്റ് പദവി ഒഴിഞ്ഞ ജോസ് വള്ളൂരിനെ അനുകൂലിച്ചും പോസ്റ്റർ. തിങ്കളാഴ്ച ഡി.സി.സി ഓഫിസിന്റെ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
‘തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലികൊടുക്കരുത്’, ജോസ് വള്ളൂരിന് ഐക്യദാർഢ്യം’ എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. എന്നാൽ, ഉച്ചക്കുമുമ്പ് ഡി.സി.സി ഓഫിസിലെത്തിയ ജോസ് വള്ളൂരും യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെന്റും ചുമതലകൾ ഒഴിയുന്നതായി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.