ചെറുതുരുത്തി: കനത്ത മഴക്ക് പിന്നാലെ മലമ്പുഴ ഡാം തുറക്കുകയും ചെയ്തതോടെ പൈങ്കുളം വാഴാലിപ്പാടം മാന്നന്നൂർ ഭാരതപ്പുഴക്ക് കുറുകെയുള്ള ഉരുക്കുതടയണയുടെ മുഴുവൻ പ്രവർത്തനങ്ങളും നിർത്തിവെച്ചു. പുഴയിൽ പെട്ടെന്നുവന്ന വെള്ളത്തെ തുടർന്ന് 1200 ചാക്ക് സിമൻറ്, നൂറുകണക്കിന് ലോഡ് മെറ്റൽ, വലിയ മെഷീൻ, കമ്പി, മറ്റുവിവിധ സാധനങ്ങളുമാണ് വെള്ളത്തിൽ ഒലിച്ചുപോയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കേരളത്തിൽ തന്നെ ആദ്യത്തെ ഉരുക്ക് തടയണയാണിത്. 2018ലെ പ്രളയത്തെ തുടർന്ന് പുഴ ഗതിമാറി ഒഴുക്കി മാന്നന്നൂർ ഭാഗം സ്വകാര്യ വ്യക്തികളുടെ ഏക്കർ കണക്കിന് കൃഷിഭൂമി നശിച്ചിരുന്നു. ഈ ഭാഗത്ത് സൈഡ് ഭിത്തി കെട്ടുകയും തടയണയുടെ അവസാനഭാഗം കെട്ടി പൊന്തിക്കുന്ന ജോലിയാണ് നടന്നിരുന്നത്. വളരെ ശ്രമകരമായാണ് പുഴയിൽ ഉണ്ടായിരുന്ന വാഹനങ്ങളും മറ്റു യന്ത്രങ്ങളടക്കമുള്ള നിർമാണ സാമഗ്രികളും രാവിലെയോടെ നൂറുകണക്കിന് ജോലിക്കാർ ചേർന്ന് കരക്ക് കയറ്റിയത്. ഇനിയും ചിലതു കരയിലെത്തിക്കാൻ ബാക്കിയാണ്.
രണ്ടുമൂന്നു ദിവസമായി മഴയുണ്ടെങ്കിലും വെള്ളം പെട്ടെന്ന് പൊങ്ങുമെന്നു കരുതിയില്ല. ചീർപ്പൊഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ഈ മാസാവസാനത്തോടെ പൂർത്തിയാകേണ്ടതായിരുന്നു. ഇപ്പോൾ സൈഡ് ഭിത്തിനിർമാണം 50 മീറ്റിറിലധികം ബാക്കിയുണ്ട്. പണി ആരംഭിക്കാൻ മറ്റൊരു പ്രശ്നം ഒഴിഞ്ഞുകിടക്കുന്ന വഴിയിലൂടെ വെള്ളം, ഇടിഞ്ഞുകിടക്കുന്ന ഗർത്തത്തിലേക്ക് ശക്തിയിൽ കയറിയതോടെ ഇപ്പോൾ കെട്ടി തുടങ്ങിയതിന് പടിഞ്ഞാറ് ഭാഗം10 മീറ്ററോളം പടിഞ്ഞാട്ടു വീണ്ടും ഇടിഞ്ഞു. ഇതിന്റെ അപകടാവസ്ഥയും കൂടുതൽ പടിഞ്ഞാട്ടുവീണ്ടും ഇടിഞ്ഞാലോ എന്ന ആശങ്കയും ഇപ്പോഴിടിഞ്ഞ ഭാഗം മണ്ണിട്ട് നികത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. എന്നാൽ, പ്രദേശത്ത് ഇപ്പോഴും മഴ ശക്തിയായി പെയ്തു കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.