ചെറുതുരുത്തി: ഇല്ലായ്മകളോട് പടവെട്ടി സ്വപ്നസാക്ഷാത്കാരമായ അഭിഭാഷക കുപ്പായമണിഞ്ഞതിന്റെ സന്തോഷത്തിലാണ് ദേശമംഗലം സ്വദേശിയായ അലവി. കൂലിപ്പണിയെടുത്ത് കിട്ടിയ പണമുപയോഗിച്ചാണ് 26കാരനായ അലവി എൽഎൽ.ബി പഠനം പൂർത്തിയാക്കിയത്. ഹൈകോടതിയിൽ നടന്ന ചടങ്ങിൽ അലവി അഭിഭാഷകനായി എൻറോൾ ചെയ്തു.
ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിന് സമീപമാണ് അലവിയുടെ വീട്. കൂലിപ്പണിക്കാരനായ അബ്ദുല്ലയുടെയും റുഖിയയുടെയും ഏക മകനാണ്. അസുഖ ബാധിതനായ പിതാവിന് ജോലിക്ക് പോകാൻ കഴിയാതെവന്നതോടെ ആറാം ക്ലാസ് മുതൽ പത്രവിതരണം ആരംഭിച്ചു. പിന്നീട് വിവിധ പത്രങ്ങളുടെ ഏജന്റുമായി. ഇംഗ്ലീഷ് പത്രങ്ങളടക്കം അരിച്ചുപെറുക്കി വായിക്കാനും അലവി സമയം കണ്ടെത്തിയിരുന്നു. എസ്.എസ്.എൽ.സി നല്ല മാർക്കോടെ പാസായതോടെ പത്രവിതരണം വേറെ ആളെ ഏൽപ്പിച്ചു.
പത്ര ഏജൻസിയിൽ നിന്നുള്ള വരുമാനം പോരാതായതോടെ തലശ്ശേരി സ്വദേശിയായ മുസ്തഫക്കൊപ്പം ഒഴിവുസമയങ്ങളിൽ കമ്പിവേലി നിർമിക്കുന്ന പണിക്ക് പോയി. ഇതിൽനിന്നുള്ള പണമുപയോഗിച്ചാണ് പ്രീഡിഗ്രിയും നിയമബിരുദവും പഠിച്ചത്. മറ്റു പണികളും ചെയ്തിരുന്നെങ്കിലും കൂടുതലും കമ്പിവേലിയുടെ പണി തന്നെയായിരുന്നു വരുമാന വഴി. മാളയിലെ എ.ഐ.എം ലോ കോളജിലെ അഞ്ചുവർഷത്തെ നിയമപഠനത്തിന് മൂന്നുലക്ഷത്തിലധികം രൂപയാണ് ചെലവുവന്നത്. ഫീസിന് പണമില്ലാതിരുന്നതിനാൽ ക്ലാസിൽനിന്ന് പുറത്തുനിർത്തിയ കഥകളും അലവിക്ക് പറയാനുണ്ട്.
പഠനത്തിനും തൊഴിലിനുമൊപ്പം വിദ്യാർഥിരാഷ്ട്രീയവും മുന്നോട്ട് കൊണ്ടുപോകുന്ന അലവി നിലവിൽ കെ.എസ്.യു തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.