ചെറുതുരുത്തി: കഥകളിയിൽ പിന്നണി ആലപിക്കുന്ന കലാനിലയം ഉണ്ണികൃഷ്ണന്റെ അവസാന അരങ്ങിന്റെ ധന്യതയിൽ കലാമണ്ഡലം നിള കാമ്പസ്. കഥകളിയിൽ ഡോ. കലാമണ്ഡലം ഗോപി കുചേലനായും, ഡോ. സദനം കൃഷ്ണൻകുട്ടി ശ്രീകൃഷ്ണനായും കല്ലുവഴി വാസു രുക്മിണിയായും വേഷമിട്ട കുചേലവൃത്തം കഥകളിയിൽ പാട്ടുപാടിയാണ് 76കാരനായ ഉണ്ണികൃഷ്ണൻ കലാരംഗത്ത് നിന്ന് വിടവാങ്ങിയത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ദി ആഘോഷവും കലാസാഗർ പുരസ്കാര സമർപ്പണവും നടന്ന ചടങ്ങിലാണ് കഥകളി അരങ്ങേറിയത്.
കായംകുളം കിളക്കാട് വീട്ടിൽ തകഴി മാധവ കുറുപ്പിന്റെയും രാധമ്മയുടെയും മകനായി 1948ലാണ് ജനനം. പന്ത്രണ്ടാം വയസ്സിൽ കഥകളി പഠിക്കാനായി ഇരിങ്ങാലക്കുട കലാനിലയത്തിൽ ചേർന്നു. രണ്ടുവർഷം കഥകളി പഠിച്ചെങ്കിലും പിന്നീട് കഥകളിയിലെ പിന്നണി സംഗീതത്തിലേക്ക് മാറി. കലാമണ്ഡലം എമ്പ്രാന്തിരിയുടെ ശിഷ്യനായും സഹഗായകനായും നിരവധി കാലം പ്രവർത്തിച്ചു. തുടർന്ന് പതിനഞ്ചാം വയസിൽ അരങ്ങേറ്റം കുറിച്ചു. 21ാമത്തെ വയസ്സിൽ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപകനായി നിയമനം. 1980ൽ അധ്യാപകനായും പിന്നീട് പ്രഫസറായും സേവനമനുഷ്ഠിച്ചു. 2004ൽ വൈസ് പ്രിൻസിപ്പലായി വിരമിച്ചു. ഇതിനകം കലാമണ്ഡലം ഹൈദരാലി തുടങ്ങി നിരവധി ആളുകളുടെ ഒപ്പം ഗാനമാലപിക്കാൻ അവസരം ലഭിച്ചു. 14 ലോക രാജ്യങ്ങളിൽ സഞ്ചരിക്കാൻ അവസരം ലഭിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തി.
കലാമണ്ഡലം ഗോപി ആശാനാണ് കഥകളിയിലെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി. എല്ലാം മറന്ന് ഗാനമാലപിക്കുമ്പോൾ അതിനനുസരിച്ച് ഗോപി ആശാൻ മുദ്രകൾ കാണിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് അവസാന കഥകളി ഗോപി ആശാന്റെ ഒപ്പം അവതരിപ്പിച്ച് വേദിയിൽനിന്ന് ഇറങ്ങുന്നത്. ഇരിങ്ങാലക്കുടയിലെ ശ്യാമയിൽ വീട്ടിലാണ് ഇപ്പോൾ താമസം. സഹധർമിണി ചേരിൽ വീട്ടിൽ ശ്യാമള. മക്കൾ: കവിത, ശ്യാം കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.