ചെറുതുരുത്തി: ഓൺലൈൻ പഠനകാലത്ത് വൈദ്യുതിയില്ലാത്ത വീട്ടിൽ മൊബൈൽ ഫോണിൽ പഠനം സാഹസമായ യദുകൃഷ്ണക്കും കാർത്തിക്കിനും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. എട്ടു വർഷമായി വൈദ്യുതിയില്ലാത്ത വീട്ടിൽ മന്ത്രി കെ. രാധാകൃഷ്ണെൻറ ഇടപെടലിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു.
പൈങ്കുളം റോഡ് മേച്ചേരിക്കുന്നിനടുത്ത് താമസിക്കുന്ന മേച്ചേരിത്തൊടി വീട്ടിൽ സുനിൽ- സുനിത ദമ്പതികളുടെ മക്കളായ ചെറുതുരുത്തി ഗവ. ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി യദു കൃഷ്ണനും സഹോദരൻ നാലാം ക്ലാസ് വിദ്യാർഥി കാർത്തിക്കിനും മുഖവും മനസ്സും തെളിഞ്ഞു നിൽക്കുകയാണ്.
അയൽവാസികളുടെ കാരുണ്യത്തിലാണ് മൊബൈൽ ഫോൺ ചാർജ് ചെയ്തിരുന്നത്. യദുകൃഷ്ണക്ക് ചെറിയ തോതിൽ കാഴ്ചക്കുറവുണ്ട്. ഇവർ നേരിടുന്ന പ്രയാസം കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദറുമായും കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ കെ. രവീന്ദ്രനുമായും ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ അടിയന്തരമായി ഇവരുടെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ എത്തിക്കുകയായിരുന്നു.
വീട്ടിലെ വൈദ്യുതി സ്വിച്ച് ഓൺ കർമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. ഗിരീഷ്, ഗ്രാമപഞ്ചായത്ത് മുൻ മെംബർമാരായ വിനീതാ ബാബു, കെ.ടി. വിനോദ്, എ.കെ. പ്രജീഷ് കുമാർ തുടങ്ങിയവരും വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.