ഗുരുവായൂര്‍: നാലുവര്‍ഷം മുമ്പ് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ പൂവാടി തീര്‍ക്കുമെന്ന് അന്നത്തെ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും വൈസ് ചെയര്മാന് കെ.പി. വിനോദും പ്രഖ്യാപിക്കുമ്പോള്‍ ഇതെങ്ങനെ യാഥാര്‍ഥ്യമാകുമെന്ന് ഭരണപക്ഷംതന്നെ ആശങ്കപ്പെട്ടിരിക്കും.
ശവക്കോട്ടയെന്നറിയപ്പെട്ട ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യമല നീങ്ങി അവിടെ പൂക്കള്‍ വിരിയുമെന്നും കളിയുപകരണങ്ങള്‍ എത്തുമെന്നും സങ്കല്പിക്കാന്പോലും കഴിയാത്തതായിരുന്നു അവസ്ഥ. ചൂല്‍പ്പുറം ഭാഗത്തെത്തിയാല്‍ മൂക്കും പൊത്തേണ്ട അവസ്ഥയായിരുന്നു.
എന്നാല്‍, നാലുവര്‍ഷത്തിനുള്ളില്‍ കഥമാറി. മാലിന്യമല ഇല്ലാതായി. ട്രഞ്ചിങ് ഗ്രൗണ്ട് ബയോപാര്‍ക്കായി, വളം സംസ്കരണ കേന്ദ്രമായി. ഇപ്പോള്‍ 37 സെന്റ് സ്ഥലത്ത് കുട്ടികളുടെ പാര്‍ക്കുമായി. ജലധാര, ടോയ്ലറ്റ് ബ്ലോക്ക്, തുറന്ന വേദി എന്നിവയോടെയാണ് പാര്‍ക്ക് നിര്‍മിച്ചത്. അമൃത് പദ്ധതിയില്‍ 32 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം. ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര് ഫണ്ടില്‍നിന്നുള്ള അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് കളിയുപകരണങ്ങള്‍ സ്ഥാപിച്ചത്. പാര്ക്കിന് ഗുരുവായൂര്‍ സത്യഗ്രഹസമര മാനേജറായിരുന്ന എ.സി. രാമന്റെ പേര് നല്കാന് കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് നിര്‍ദേശിച്ച പേര് കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.
ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യപ്രശ്നത്തില്‍ ഏറെ ശബ്ദമുയര്‍ത്തിയ മുന്‍ കൗണ്‍സിലര്‍ എ.ടി. ഹംസയുടെയും സ്വപ്നസാഫല്യമാണ് കുട്ടികളുടെ പാര്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.