തൃശൂർ: താടിയെല്ലിലെ ചികിത്സ ദന്തചികിത്സയെന്ന് പറഞ്ഞ് ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കൂർക്കഞ്ചേരി തെക്കിനിയത്ത് വീട്ടിൽ ടി.പി. സിജോയും ഭാര്യ മേരി തെരെസും ഫയൽ ചെയ്ത ഹരജിയിലാണ് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. മേരി തെരേസ് മാക്സിലറി സൈനസിലെ സിസ്റ്റിന് ചികിത്സ തേടിയിരുന്നു. തുടർന്ന് ക്ലെയിം സമർപ്പിച്ചെങ്കിലും അനുവദിച്ചില്ല.
ദന്തചികിത്സക്ക് ക്ലെയിം അനുവദിക്കില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ഹരജിക്കാരിക്ക് നടത്തിയ ചികിത്സ പല്ലിന്റെ അസുഖത്തിനാണെന്നും ആയിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ, ചികിത്സ താടിയെല്ലുമായി ബന്ധപ്പെട്ടതാണെന്ന് ഹരജി ഭാഗം വാദിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെംബർ എസ്. ശ്രീജ എന്നിവരടങ്ങിയ ഫോറം ഹരജിക്കാരുടെ വാദം അംഗീകരിക്കുകയും ക്ലെയിം നിഷേധിച്ചത് സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തുകയും ചെയ്തു.
76,241.52 രൂപയും അതിന് ക്ലെയിം നിഷേധിച്ച തീയതി മുതൽ ഒമ്പത് ശതമാനം പലിശയും ചെലവിലേക്ക് 3000 രൂപയും നൽകാനാണ് വിധിച്ചത്. ഹരജിക്കാർക്കു വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.