ചെന്ത്രാപ്പിന്നി: മേഖലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മുടങ്ങിയ ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചു. എടത്തിരുത്തി ഗ്രാമ പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാർഡുകളിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണമാണ് 32 ദിവസത്തിന് ശേഷം പുനഃസ്ഥാപിച്ചത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്നിടത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ആദ്യം കുടിവെള്ള വിതരണം മുടങ്ങിയത്. ഇത് നന്നാക്കിയിട്ടും വെള്ളം എത്താത്തതിനെ തുടർന്ന് പതിനഞ്ചിടങ്ങളിൽ കുഴിച്ച് നോക്കിയിട്ടും പൈപ്പിലെ തടസ്സം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആൽമരത്തിന്റെ വേര് പൈപ്പിനകത്ത് പടർന്നത് എടുത്ത് മാറ്റിയെങ്കിലും കുടിവെള്ളം എത്തിയില്ല. കഴിഞ്ഞ ദിവസമാണ് ചെന്ത്രാപ്പിന്നി സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരത്തെ തോടിന് കുറുകെ പോകുന്ന പൈപ്പിൽ ചോർച്ച കണ്ടെത്തിയത്. തോട്ടിൽ വെള്ളം നിറഞ്ഞതിനാൽ പൊട്ടിയത് അറിയാൻ കഴിഞ്ഞിരുന്നില്ല.
ഒരു ദിവസമെടുത്ത് ഈ ഭാഗത്തെ പൊട്ടിയ പൈപ്പ് മാറ്റി ചോർച്ച അടച്ചതോടെയാണ് ചെന്ത്രാപ്പിന്നി മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, പഞ്ചായത്തംഗങ്ങളായ കെ.എസ്. അനിൽകുമാർ, ഷിനി സതീഷ് എന്നിവർ കുടിവെള്ളം പുനഃസ്ഥാപിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.