തൃശൂർ: കാലപ്പഴക്കംകൊണ്ട് തകർച്ചഭീഷണി നേരിടുന്ന കെട്ടിടത്തിൽ ലക്ഷങ്ങൾ മുടക്കി നവീകരണ ധൂർത്തുമായി കോർപറേഷൻ. 50 വർഷത്തിലധികം പഴക്കമുള്ള കോർപറേഷൻ ഉടമസ്ഥതയിലുള്ള കൊക്കാലെ മാർക്കറ്റിങ് ബിൽഡിങ്ങിലാണ് നവീകരണത്തിന്റെ പേരിലുള്ള ധൂർത്ത് നടക്കുന്നത്.
പൊളിച്ചു പണിയുന്നതിന് ഉൾപ്പെടുത്തിയ കെട്ടിടത്തിൽ ലക്ഷങ്ങൾ മുടക്കി ടൈൽ വിരിക്കൽ, പെയിന്റിങ്, പ്ലംബിങ് അടക്കമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിലവിൽ പതിച്ച ടൈലുകൾ പൊളിച്ചാണ് പുതിയത് പതിക്കുന്നത്. മുല്ലക്കര കമ്യൂണിറ്റി ഹാൾ, ടാഗോർ ഹാൾ എന്നിവ കാലപ്പഴക്കത്തിന്റെ പേരിൽ പൊളിച്ചു പണിയുകയാണ്.
അതിനുശേഷം ഈ കെട്ടിടവും പൊളിച്ചുപണിയുമെന്നായിരുന്നു കോർപറേഷൻ പ്രഖ്യാപനം. പൊളിക്കാനിരിക്കുന്ന കെട്ടിടത്തിൽ ഇപ്പോൾ ടൈൽ വിരിക്കുന്നതടക്കമുള്ള ലക്ഷങ്ങൾ ചെലവിട്ടുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
നവീകരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരുമായി ചേർന്ന് കൊള്ളയാണ് ഇടത് ഭരണസമിതി നേതൃത്വം നടത്തുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു. ബിൽഡിങ് സൂപ്പർ വൈസിങ് കമ്മിറ്റി കെട്ടിടം കാലപ്പഴക്കം വന്നതാണെന്നും പൊളിച്ച് പുതിയത് പണിയണമെന്നും ശിപാർശ നൽകിയിട്ടുള്ളതാണെന്ന് ഡിവിഷൻ കൗൺസിലറും ബിൽഡിങ് കമ്മിറ്റി അംഗവുമായ വിനോദ് പൊള്ളഞ്ചേരി സ്ഥലം സന്ദർശിച്ച് പറഞ്ഞു. കൗൺസിൽ അറിയാതെയാണ് നവീകരണ പ്രവർത്തനം നടത്തുന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.