തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫി ഹൗസ് കോർപറേഷൻ അടപ്പിച്ചു. ചട്ടവിരുദ്ധമായി കോഫി ഹൗസിൽ ആളുകൾക്ക് ഇരുത്തി ഭക്ഷണം നൽകിയതിനെ തുടർന്നാണ് നടപടി. നേരത്തേ ഇവിടെ ഇരുത്തി ഭക്ഷണം നൽകുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വിലക്കിയിരുന്നുവത്രെ. എന്നാൽ, നിർദേശം ലംഘിച്ചതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി സീൽ ചെയ്യുകയായിരുന്നു.
തൊഴിലാളി സഹകരണ സംഘത്തിന് കീഴിൽ രൂപംകൊണ്ട കേരളത്തിലെ ആദ്യ കോഫി ഹൗസാണ് സ്വരാജ് റൗണ്ടിലേത്. 1958 മാർച്ച് എട്ടിന് എ.കെ.ജിയാണ് ഉദ്ഘാടനം ചെയ്തത്.നേരത്തേ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ കോഫി ഹൗസ് ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് സമരത്തിലാണ്. അതേസമയം, കോഫി ബോർഡ് പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നടപടിയാണ് കോർപറേഷൻ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
പിഴ ഈടാക്കുകയോ നോട്ടീസ് നൽകുകയോ ചെയ്യുന്നതിന് പകരം സീൽ ചെയ്തത് പ്രതികാരനടപടിയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാർക്കിടയിലെ തർക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. വിവരം ധരിപ്പിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പരിശോധന നടത്തി നോട്ടീസ് നൽകിയതെന്നും പിഴയൊടുക്കി തുറക്കാൻ അനുമതി നൽകുമെന്നും കോർപറേഷൻ ആരോഗ്യവിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.