ചാവക്കാട്: കോവിഡ് ബാധിതരെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാൻ താമസിപ്പിച്ചതായി ആക്ഷേപം. ചാവക്കാട് നഗരസഭയിലെ 14, 15, 17 വാർഡുകളിലെ പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യാൻ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ കോവിഡ് രോഗികളേയാണ് ഉദ്യോഗസ്ഥർ പ്രയാസപ്പെടുത്തിയത്.
വേണ്ടത്ര സുരക്ഷിതമല്ല പി.പി.ഇ കിറ്റൊന്നും സാക്ഷ്യപത്രത്തിൽ പരിശോധിച്ച തീയതി സൂചിച്ചാണ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. ഇതേ തുടർന്ന് നേതാക്കൾ അസി. റിട്ടേണിങ് ഓഫിസറുമായി ബന്ധപ്പെട്ടത്തോടെയാണ് ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചത്. ബൂത്ത് ഓഫിസർമാരുടെ പിടിവാശികാരണം അര മണിക്കൂറിലേറെ സമയം വോട്ട് ചെയ്യാനാവാതെ കോവിഡ് രോഗികൾ പ്രയാസത്തിലായി.
കോവിഡ് വോട്ടുകളെ കുറിച്ച് തർക്കം
ഗുരുവായൂര്‍: കോവിഡ് പോസറ്റിവ് ആയവരും നിരീക്ഷണത്തിൽ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയപ്പോൾ രേഖകൾ കൊണ്ടുവരാതിരുന്നതിനെ ചൊല്ലി തർക്കം. 12ാം വാർഡിലാണ് ഇതു സംബന്ധിച്ച് തർക്കമുണ്ടായത്. ഒടുവിൽ പൊലീസ് ഇടപെട്ട് വോട്ടു ചെയ്തവരുടെ കോവിഡ് സംബന്ധിച്ച രേഖകൾ ഹാജരാക്കിയ ശേഷമാണ് തർക്കം തീർന്നത്.
കോവിഡ് രോഗി എടപ്പാളിൽ നിന്നെത്തി വോട്ട് ചെയ്തു
പഴയന്നൂർ: കോവിഡ് ബാധിതൻ എടപ്പാളിൽ നിന്നെത്തി തിരുവില്വാമല എസ്.ഡി.എ സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്തു. കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഇദ്ദേഹത്തിന് മലപ്പുറം എടപ്പാളിൽ വെച്ചാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. അവിടെ കോവിഡ് സെൻററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഓട്ടോയിൽ പി.പി.ഇ കിറ്റ് ധരിച്ചാണ് വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.