തൃശൂർ: മൊബൈൽ ആപ്പ് വഴി പണം വായ്പ നൽകുന്ന പലിശ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു. നാടൻ േബ്ലഡ് കമ്പനിക്കാരെ പോലും പിന്നിലാക്കുന്ന വിധത്തിലുള്ള കൊള്ളപ്പലിശയാണ് ഇവർ ഈടാക്കുന്നത്. ആരുടെ മുന്നിലും കൈനീട്ടാതെ, ബാങ്ക് അക്കൗണ്ടിലേക്ക് ആവശ്യമായ പണമെത്തുന്നുവെന്നതാണ് ഇതിെൻറ പ്രധാന ആകർഷണം. ഗൂഗിളിലോ ഗൂഗിൾ പ്ലേ സ്റ്റോറിലോ ഇൻസ്റ്റൻറ് ലോൺ എന്ന് സെർച് ചെയ്താൽ നൂറ് കണക്കിന് ആപ്പുകളാണ് ലഭിക്കുക. ബാങ്കുകളിൽ വായ്പക്ക് അപേക്ഷിക്കുേമ്പാഴുള്ള നൂലാമാലകളില്ലാതെ പണം ലഭിക്കുന്നുവെന്നതാണ് ഇതിെൻറ ആകർഷണം.
അപേക്ഷകനെ തിരിച്ചറിയാനുള്ള ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്, സെൽഫി ഫോട്ടോ തുടങ്ങിയവ നൽകിയാൽ അത്യാവശ്യക്കാർക്ക് ആവശ്യമുള്ള പണം വായ്പ നൽകാൻ ഇവർ തയാറാകുന്നു. ഇതോടൊപ്പം മൊബൈൽ ഫോണിലെ ഗാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും കോൺടാക്ട് ഫോൺ നമ്പറുകൾ എന്നിവ മുഴുവൻ കരസ്ഥമാക്കുകയും ഫോൺ കോൾ, എസ്.എം.എസ്, കാമറ എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുവാദം കരസ്ഥമാക്കുകയും ചെയ്യും. വായ്പയുടെ പലിശ ആദ്യം തന്നെ പിടിച്ചെടുത്ത് ബാക്കി തുകയാണ് അനുവദിക്കുന്നത്. ചെറിയ തുകകൾ കുറഞ്ഞ കാലാവധിക്ക് വായ്പയായി നൽകുന്നവയാണ് കൂടുതൽ ആപ്പുകളും. തുല്ല്യമാസ തവണകളായി തിരിച്ചടക്കണം. തിരിച്ചടവ് മുടങ്ങുന്നവർക്ക് കടുത്ത ഭീഷണിയാണ് നേരിടേണ്ടിവരിക. വായ്പയും പലിശയും കൂടിക്കൂടി തിരിച്ചടവുശേഷിയില്ലാത്തവരോട് മറ്റൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. അതുവഴി പുതിയ ലോൺ പാസാക്കി നൽകും.
പാസാക്കി നൽകുന്ന വലിയ ലോൺ തുക മുഴുവൻ ആദ്യത്തെ ലോണിലേക്കും പലിശയിലേക്കും വരവു വെക്കും. മുതലും പലിശയും നിത്യേനയെന്നോണം പെരുകി എത്രകണ്ട് തിരിച്ചടച്ചാലും തീരാത്ത ലോൺ മൂലം ആത്മഹത്യയുടെ വക്കിലേക്ക് ഉപഭോക്താവ് എത്തുന്നു. ലോൺ തുകയും പലിശയും കൃത്യസമയത്ത് തിരിച്ചടച്ചവരാണെങ്കിൽ അവർ ആവശ്യപ്പെടാതെ തന്നെ വലിയൊരു തുക മറ്റൊരു ലോൺ ആയി അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. അതോടെ അയാൾ വീണ്ടും ബാധ്യതക്കാരനാകും. ഇത്തരം മാഫിയയെ കുറിച്ച് വ്യാപക പരാതി ഉയർന്നപ്പോൾ ചൈനീസ് പശ്ചാത്തലമുള്ള ഏതാനും ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. എന്നാൽ പുതിയ തരം ആപ്പുകൾ സോഷ്യൽ മീഡിയ ലിങ്ക് വഴിയാണ് കൂടുതലായി പ്രചരിക്കുന്നത്. ചില ആപ്പുകളുടെ പേരും ഐക്കണും മാറി, പ്ലേസ്റ്റോറിൽ വീണ്ടും സ്ഥാനം പിടിച്ചിട്ടുണ്ട്. ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് എത്തുന്നത്. സാധാരണക്കാരും കുടുംബിനികളുമാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അനധികൃത ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും സ്വയം അകലം പാലിക്കുകയെന്നതാണ് ഏക പോംവഴി. ഓൺലൈൻ ലോൺ ഇടപാടുകൾ നടത്തുന്ന ആപ്പുകൾ അവർ പ്രതിനിധാനം ചെയ്യുന്ന ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പേര് വിവരം വെളിപ്പെടുത്തുന്നതിന് ബാധ്യസ്ഥമാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് അംഗീകാരം ഉണ്ടോ എന്ന് ഉപഭോക്താക്കൾ പരിശോധിച്ച് ഉറപ്പാക്കണം. സാമ്പത്തിക ഇടപാടുകൾക്ക് അംഗീകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, റിസർവ് ബാങ്കിെൻറ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ മാത്രം ആശ്രയിക്കുക. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക.
ആപ്പുകൾ ആവശ്യപ്പെടുന്നതിനനുസരിച്ച് അനാവശ്യമായ പെർമിഷനുകൾ നൽകാതിരിക്കുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പ്രധാനപ്പെട്ട രേഖകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പങ്കിടുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക. അനധികൃതമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. കൂടാതെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ അറിയിപ്പ് നൽകുക. വിലാസം: https://cybercrime.gov.in ടോൾഫ്രീ നമ്പർ: 155260.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.