തൃശൂർ: ജാതി-മത രഹിതരായി ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകാൻ സർക്കാർ തീരുമാനം. സംവരണ വിഭാഗങ്ങളിൽപെടാത്ത വിഭാഗങ്ങളെ കൂടാതെ ജാതി-മത രഹിതമായി ജീവിക്കുന്നവർക്കും സാമ്പത്തിക സംവരണം ലഭിക്കാൻ അർഹതയുണ്ടെന്നതിൽ വ്യക്തത വരുത്തി റവന്യൂ ഡയറക്ടറേറ്റാണ് കലക്ടർമാർക്ക് ഉത്തരവ് കൈമാറിയത്. തൃശൂർ ചിറ്റിലപ്പിള്ളി മറോക്കി അർവിന്ദ് ജി. ക്രിസ്റ്റോയുടെ രണ്ട് വർഷം നീളുന്ന നിയമപോരാട്ടത്തെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതുസംബന്ധിച്ച് നിർദേശം വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
യു.ജി.സി നെറ്റ് പരീക്ഷക്ക് വേണ്ടിയുള്ള സാമ്പത്തിക സംവരണ ആനുകൂല്യത്തിനുള്ള (ഇ.ഡബ്ല്യൂ.എസ്) സർട്ടിഫിക്കറ്റിനുവേണ്ടി അർവിന്ദ് 2020 ഫെബ്രുവരിയിൽ തൃശൂർ താലൂക്ക് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എസ്.എസ്.എൽ.സി ബുക്കിൽ മതരഹിതനായി കാണിച്ചിട്ടുള്ള അർവിന്ദിന് ജാതിയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയില്ലെന്ന് തഹസിൽദാർ മറുപടി നൽകി. ഇതേ തുടർന്ന് നൽകിയ പരാതിയാണ് റവന്യൂ വകുപ്പ് സർക്കാറിന്റെ പരിഗണനക്ക് കൈമാറിയത്. ക്രിസ്റ്റോ-ഗീത ദമ്പതികളുടെ മകനായ അർവിന്ദ് ഇപ്പോൾ അമേരിക്കയിൽ പിഎച്ച്.ഡി ചെയ്തുവരുകയാണ്.
പിന്നാക്കക്കാരായ ജാതി-മത രഹിതരെ പരിഗണിച്ചു എന്നത് നല്ല കാര്യമാണെന്ന് കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള മിശ്രവിവാഹ വേദി സംസ്ഥാന പ്രസിഡന്റുമായ അഡ്വ. രാജഗോപാൽ വാകത്താനം പറഞ്ഞു. കേരള യുക്തിവാദി സംഘം സാമുദായിക സംവരണത്തെ അനുകൂലിക്കുന്ന സംഘടനയാണ്. അത് സാമൂഹിക നീതിയുടെ പ്രശ്നമാണ്. ഇത്രയെങ്കിലും പരിഗണന ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.