കാഞ്ഞാണി: ആറ് വർഷം മുമ്പ് വൃദ്ധസദനത്തിൽ ഉപേക്ഷിച്ച ഭർതൃ മാതാവിനെ തിരികെ ആവശ്യപ്പെട്ട് മരുമകൾ. സാമൂഹ്യനീതി വകുപ്പും ബ്ലോക്ക് പഞ്ചായത്തും ഇടപെട്ട് ഉപാധികളോടെ 80കാരി മാലതിയമ്മയെ മരുമകൾക്കൊപ്പം തിരികെ അയച്ചു.
വർഷങ്ങൾക്ക് മുമ്പ് മണലൂരിലുള്ള കൃപാസദനം എന്ന വൃദ്ധസദനത്തിൽ എത്തിയപ്പോൾ മാലതിയമ്മ ഒരിക്കലും കരുതിയതല്ല ഇനിയും മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പം ജീവിതം ഉണ്ടാകുമെന്ന്.
താന്ന്യം പഞ്ചായത്ത് രണ്ടാം വാർഡിലെ മാപ്രാണത്ത് വീട്ടിൽ പരേതനായ രാമനുണ്ണിയുടെ ഭാര്യയാണ് മാലതിയമ്മ. രണ്ടു മക്കളാണ് മാലതി അമ്മക്ക്. മൂത്ത മകന്റെ ഒപ്പമായിരുന്നു താമസം. ഇയാൾ നോക്കാതായതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മക്കളും മരുമക്കളും കണ്ടെത്തിയ മാർഗമാണ് അമ്മയെ അനാഥാശ്രമത്തിൽ എത്തിക്കുക എന്നുള്ളത്.
ഇതിനായി വാർഡ് അംഗത്തേയും സാമൂഹ്യനീതി വകുപ്പിനെയും വിവരം അറിയിച്ചു.തുടർന്ന് മരുമകൾ തന്നെയാണ് മാലതിയമ്മയെ മണലൂരിലുള്ള കൃപാസദനത്തിൽ എത്തിക്കുന്നത്. കിടപ്പുരോഗിയായി വന്ന മാലതി അമ്മക്ക് പരിചരണം ഒരുക്കിയത് കൃപാസദനത്തിന്റെ ഡയറക്ടർ സിസ്റ്റർ അലീന, മറ്റു സിസ്റ്റർമാരായ ആഞ്ജല, ആൻസിയ, ലിയോണ, നവീന എന്നിവരായിരുന്നു.
പതിയെ രോഗാവസ്ഥ മാറി എണീറ്റു നടക്കാവുന്ന അവസ്ഥയിൽ ആയി. ഇപ്പോൾ മരുമകൾ അമ്മായിയമ്മയെ തിരിച്ചുവേണമെന്ന ആവശ്യവുമായി നിരന്തരം ആശ്രമം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് അന്തിക്കാട് പൊലീസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.ബി. മായ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനി തിലകൻ, സാമൂഹ്യനീതി വകുപ്പ് കൗൺസിലർ മാലാ രമണൻ എന്നിവരുടെ നേതൃത്വത്തിൽ മണലൂരിലെ കൃപാസദനത്തിൽ എത്തി മാലതിയമ്മയെ മരുമകളും പേരക്കുട്ടിയും ചേർന്ന് ഏറ്റെടുത്തു.
മാലതി അമ്മയുടെ പേരിൽ മൂന്ന് സെൻറ് സ്ഥലവും ഷീറ്റിട്ട പുരയിടവും ഉണ്ട്. വെറും കയ്യോടെ വന്ന മാലതി അമ്മ വാർധക്യ പെൻഷൻ കിട്ടിയത് അടക്കം ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന മുപ്പതിനായിരം രൂപയും ഒന്നര പവന്റെ മാലയും കൊണ്ടാണ് മരുമകൾക്കൊപ്പം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.