തൃശൂർ: ആന സംരക്ഷണത്തിന്റെ പേരിൽ ഒന്നിച്ചുനിന്നിരുന്നവർ പരസ്പരം ചേരിതിരിഞ്ഞ് പരസ്യ പോരിൽ. ആന ഉടമ സംഘടന ജനറൽ സെക്രട്ടറി പി. ശശികുമാർ സമൂഹമാധ്യമത്തിൽ അസുഖബാധിതരായ നാട്ടാനകളെ ഗുജറാത്തിലെ സ്വകാര്യ ചികിത്സ കേന്ദ്രത്തിൽ ചികിത്സക്കായി കൊണ്ടുപോകുന്നത് സംബന്ധിച്ച് പങ്കുവെച്ച കുറിപ്പാണ് പരസ്യപോരിലെത്തിച്ചിരിക്കുന്നത്. ആനകളെ ഉത്സവാഘോഷങ്ങൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കേരളത്തിൽ മതിയായ ചികിത്സ സൗകര്യങ്ങളോ, ആധുനിക ചികിത്സ ഉപകരണങ്ങളോ ഇല്ലെന്ന് വ്യക്തമാക്കിയതായിരുന്നു കുറിപ്പ്.
തൃശൂരിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള അസുഖബാധിതനായ ആനയെ കൊണ്ടുപോകാൻ അവസരമൊരുക്കിയത് പുറത്തുവന്നതോടെയാണ് ചേരിതിരിഞ്ഞത്. ആനയെ കൊണ്ടുപോവുന്നത് വൻതുക കമീഷൻ വാങ്ങി കേരളത്തിൽ നിന്നും കടത്തുകയാണെന്നും അസുഖമില്ലാത്ത ആനകളെയും ചികിത്സയുടെയും പേരിൽ കടത്തുവെന്ന് ആരോപിച്ച് ആനപ്രേമികളും രംഗത്തെത്തിയതോടെ നേരത്തേ ഒന്നിച്ചുണ്ടായിരുന്നവർ ചേരിതിരിഞ്ഞു. ഇതിനിടയിൽ ആന ഉടമകളുടെ മറ്റൊരു സംഘടനയും ആനകളെ കൊണ്ടുപോവുന്നതിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയതോടെ വിവരങ്ങളുടെ വിശദമായ കുറിപ്പുമായി ശശികുമാർ രംഗത്തെത്തിയതോടെ ഭിന്നത പരസ്യമായ പോർവിളികളിലെത്തി.
ഗുജറാത്തിലെ ആനചികിത്സ കേന്ദ്രം താൻ സന്ദർശിച്ചതാണെന്നും കേരളത്തിൽ ആധുനിക ചികിത്സ സൗകര്യം ഒരുക്കുന്നതുവരെ ഗുരുതര പരിക്കും നാളിത് വരെ ചികിത്സിച്ച് അസുഖം ഭേദമാകാത്ത ആനകളെയും സൗജന്യമായി ചികിത്സിച്ച് നൽകാമെന്ന് അറിയിച്ചതനുസരിച്ചാണ് ആനയെ കൊണ്ടുപോയതെന്നും ശശികുമാർ വിശദീകരിച്ചു. സേവ് എലിഫെൻറ് എന്ന് പറഞ്ഞാൽ നാട്ടാനകൾ രക്ഷപ്പെടില്ല. ഈ വർഷം ഏപ്രിലിൽ കേന്ദ്ര വനംവന്യജീവി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടും ആനകളെത്തണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം. ആനകൾ ചരിയുമ്പോൾ, അപകടത്തിൽപെട്ട് പരിക്കേറ്റ് കിടക്കുമ്പോൾ പുഷ്പചക്രം അർപ്പിച്ച് പിരിയുന്നതല്ലാതെ വേറെ എന്താണ് ചെയ്യുന്നതെന്ന് രൂക്ഷ വിമർശനമുയർത്തിയതോടെയാണ് ആനപ്രേമി സംഘടനകൾ ആരോപണം കടുപ്പിച്ച് രംഗത്തെത്തിയത്. നിയമവിരുദ്ധമായി കേരളത്തില്‍നിന്നും ആനകളെ കൊണ്ടുപോകുന്നത് തടയണമെന്നും ആന ആശുപത്രി എന്ന ആശയം മുന്നോട്ടുവെച്ച് പ്രവര്‍ത്തനം ആരംഭിച്ചവര്തന്നെ ചികിത്സയുടെ പേരില്‍ ആനക്കടത്തിന് മുന്നിട്ടിറങ്ങുന്നത് വിരോധാഭാസമാണെന്നും വിമർശിച്ച ആനപ്രേമി സംഘടനകൾ സാമ്പത്തിക ഇടപാട് തന്നെയാണ് ആനക്കടത്തിനു പിന്നിലെന്ന ആരോപണവും ഉയർത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ സമരം ശക്തമാവുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.