തൃശൂർ: തദ്ദേശ സ്വയംഭരണ ഏകീകൃത വകുപ്പ് രൂപവത്കരണത്തിന്റെ ഭാഗമായി എൻജിനീയറിങ് വിഭാഗത്തിന്റെ സ്ഥലംമാറ്റ നടപടികളിൽ പ്രതിഷേധമുയരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ ഭരണ- സാങ്കേതിക വിഷയങ്ങളിൽ വകുപ്പുമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന ആവശ്യമുയർത്തി തദ്ദേശവകുപ്പ് എൻജിനീയറിങ് വിഭാഗം സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി തിങ്കളാഴ്ച കരിദിനാചരണം നടത്തും.
തദ്ദേശവകുപ്പ് സെക്രട്ടറിമാർക്ക് കീഴിലാക്കുന്ന നടപടി ചീഫ് എൻജിനീയറുടെ കീഴിൽ തുടർന്നുവന്ന തദ്ദേശവകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഘടനയെ പൊളിച്ച് അധികാരം കവരുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. സ്ഥലംമാറ്റത്തിന്റെ ഭാഗമായി വകുപ്പിലെ എൻജിനീയറിങ് വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ എൻജിനീയറിങ് വിഭാഗം ഓഫിസ് മേധാവി തന്നെ രേഖപ്പെടുത്തുകയും സ്ഥലംമാറ്റത്തിനായി മേലുദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ജീവനക്കാരുടെ വിവരങ്ങൾ തദ്ദേശ സെക്രട്ടറിമാർ രേഖപ്പെടുത്തണമെന്ന ജില്ല ജോയന്റ് ഡയറക്ടർമാരുടെ നിർദേശങ്ങൾ അംഗീകരിക്കേണ്ടതില്ലെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നടപടികളിൽനിന്ന് വിട്ടുനിന്നാണ് പ്രതിഷേധിക്കുകയെന്ന് എൽ.എസ്.ജി.ഡി (ഇ.ഡബ്ല്യു) സംസ്ഥാന കോഓഡിനേഷൻ സമിതി കൺവീനർ ജോസ് എച്ച്. ജോൺസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.