എരുമപ്പെട്ടി: ചോർന്നൊലിച്ച് തകർന്നുവീഴാറായ വീട്ടിൽ ദുരിതം സഹിച്ച് കഴിയുന്നത് അഞ്ചംഗ കുടുംബം. വിധവകളായ രണ്ട് അമ്മമാരുടെ തണലിൽ കഴിയുന്ന മൂന്ന് മക്കളിൽ ഇളയവൻ ഭിന്നശേഷിക്കാരനാണ്.
എരുമപ്പെട്ടി പഞ്ചായത്ത് 12ാം വാർഡായ കാഞ്ഞിരക്കോട് കൊടുമ്പിലാണ് സംഭവം. കൊടുമ്പ് വളയംപറമ്പിൽ വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ സരസ്വതി (74), മകൾ പരേതനായ മോഹനെൻറ ഭാര്യ സുനിത (48), സുനിതയുടെ മക്കളായ മോനിഷ് (18), സനീഷ (16), സൗരവ് (ഒമ്പത്) എന്നിവരാണ് മൺകട്ട കൊണ്ട് നിർമിച്ച വർഷങ്ങൾ പഴക്കമുള്ള വീട്ടിലെ താമസക്കാർ. വീടിെൻറ പട്ടികയും കഴുക്കോലും ദ്രവിച്ച് വീഴാറായി. പലതും നിലംപൊത്തിയതിനാൽ ഓടുകൾ താൽക്കാലികമായി താഴെ ഇറക്കിവെച്ചിരിക്കുകയാണ്. പകരം ടാർപ്പായ കൊണ്ട് മറച്ചാണ് ഇവർ താമസിച്ചിരുന്നത്. അതും കീറിപ്പറിഞ്ഞ് വെള്ളം അകത്തേക്ക് വീഴാൻ തുടങ്ങിയതോടെ പുരയിടത്തിൽ ഒരു ചെറിയ ഒരു െഷഡ് കെട്ടിയാണ് ഇപ്പോൾ താമസം. സരസ്വതിയും മകൾ സുനിതയും കൂലിപ്പണിക്ക് പോയാണ് കുട്ടികളുടെ പഠനവും ചെറിയ മകെൻറ ചികിത്സാചെലവും നടത്തിക്കൊണ്ടുപോയിരുന്നത്. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കുടുംബം ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
പലർക്കും സർക്കാർ വീട് നിർമിക്കാൻ സഹായം നൽകുന്നുണ്ടെങ്കിലും നൂറു ശതമാനവും അർഹതയുള്ള ഈ കുടുംബത്തിനു മാത്രം ലഭിക്കുന്നില്ല. അപേക്ഷ കൊടുത്തും പരാതി പറഞ്ഞും മടുത്തതായി ഇവർ പറയുന്നു. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പലതവണ ആവശ്യം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് അധികാരികളുടെയോ സാമൂഹിക പ്രവർത്തകരുടെയോ കാരുണ്യം കാത്തിരിക്കുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.