കൊരട്ടി: കൊരട്ടി ഇ.എസ്.ഐ ആശുപത്രി നിർമാണം പൂർത്തിയാകാൻ വൈകും. കഴിഞ്ഞ മാസമാണ് പൂർത്തിയാകേണ്ടിയിരുന്നത്. നിലവിൽ അവസ്ഥയിൽ നിർമാണം പൂർത്തിയാകാൻ നാലു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.
കേന്ദ്ര പി.ഡബ്ലിയു.ഡിയുടെ ചുമതലയിലാണ് ആശുപത്രി കെട്ടിട നിർമാണം. പ്രധാന പ്രവൃത്തികളെല്ലാം തീരാറാവുന്ന ഘട്ടത്തിലാണ് പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഫ്ലോറിങ്ങും സാനിറ്റേഷൻ പ്രവർത്തികളുമാണ് ഇപ്പോൾ നടക്കുന്നത്. ചാലക്കുടി നിയോജക മണ്ഡലത്തിലെ വ്യവസായ മേഖലയായ കൊരട്ടിയിലെ തൊഴിലാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇ.എസ്.ഐ ആശുപത്രി.
30 വർഷം മുമ്പാണ് ആശുപത്രിക്കായി കൊരട്ടി കെ.എസ്.ഇ.ബി. ഓഫീസിന് സമീപം ദേശീയ പാതയോരത്ത് സ്ഥലമേറ്റെടുത്തത്. 2013ൽ അന്നത്തെ ആരോഗ്യമന്ത്രി കൊടിക്കുന്നിൽ സുരേഷാണ് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്.
കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് പണികൾ ആരംഭിച്ചത്. 3. 31 കോടി രൂപ ചെലവഴിച്ച് ഡിസ്പെൻസറിയും കോർപ്പറേഷൻ ബ്രാഞ്ച് ഓഫീസും നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യ ഘട്ടത്തിൽ ഇതിന്റെ നിർമാണ ചുമതല എച്ച്.എൽ.എല്ലിന് ആയിരുന്നു.
സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് അവർ ഉപേക്ഷിച്ചതാണ് വിനയായത്. തുടർന്ന് വർഷങ്ങളോളം തറക്കല്ല് കാടുപിടിച്ച് കിടന്നു. തുടർന്ന് മുൻ എം.പി ഇന്നസെന്റിന്റെ ഇടപെടലുകൾക്കൊടുവിലാണ് നിർമാണം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്.
രണ്ടു നിലകളിൽ 3000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ ഡോക്ടർമാർക്കുള്ള മുറികൾ, ഓപ്പറേഷൻ തിയേറ്റർ, ഇഞ്ചക്ഷൻ റൂമുകളടക്കമുള്ള സൗകര്യങ്ങൾ എന്നിവയുണ്ട്. രണ്ടു ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.