മണ്ണുത്തി: കുതിരാനിലെ രണ്ടാമത്തെ തുരങ്കം തുറക്കുന്നതിന് മുന്നോടിയായുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായി തുരങ്കത്തിന് സമീപം പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 2.48നും 3.30നുമായി രണ്ടിടത്താണ് സ്ഫോടനം നടത്തി പാറ പൊട്ടിച്ചത്. ജനങ്ങളുടെ സുരക്ഷക്ക് എല്ലാ മുന്‍കരുതലും സ്വീകരിച്ചായിരുന്നു സ്ഫോടനങ്ങള്‍. മന്ത്രി കെ. രാജന്, ടി.എന്‍. പ്രതാപന് എം.പി, കലക്ടര്‍ ഹരിത വി. കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്. ആദിത്യ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സ്ഫോടനങ്ങള്‍.
തുരങ്കത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ച ശേഷമായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് മുന്നോടിയായി ആദ്യ സൈറണ്‍ മുഴക്കി. തുടര്‍ന്ന് എട്ട് മിനിറ്റിന് ശേഷം രണ്ടാം സൈറണ്‍ മുഴക്കിയ ശേഷമായിരുന്നു സ്ഫോടനം. പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മൂന്നാമത്തെ സൈറണ്‍ നല്കി തുരങ്കത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടാമത്തെ തുരങ്കത്തിന്റെ തൃശൂരില്‍നിന്ന് പ്രവേശിക്കുന്ന ഭാഗത്തെ പഴയ റോഡിന്റെ ഇരുവശങ്ങളിലായാണ് പാറ പൊട്ടിക്കാനുള്ള പരീക്ഷണ സ്ഫോടനങ്ങള്‍ നടന്നത്.
ആദ്യയിടത്ത് രണ്ടു തവണയും രണ്ടാമത്തെ സ്ഥലത്ത് ഒരു തവണയും സ്ഫോടനം നടത്തി. റിമോട്ടില്‍ നിയന്ത്രിച്ചായിരുന്നു സ്ഫോടനങ്ങള്‍. ടയറുകള്‍ കൂട്ടിയിട്ട് പാറക്കഷ്ണങ്ങള്‍ തെറിക്കാതെയും ശബ്ദവും പ്രകമ്പനം കുറച്ചുമായിരുന്നു സ്ഫോടനങ്ങള്‍. ഈ രീതിയില്‍ ഒരു ദിവസം മൂന്ന് സ്ഫോടനങ്ങള്‍ നടത്തിയാല്‍ 40 ദിവസം കൊണ്ട് പാറപൊട്ടിക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.
എന്നാല്‍, ആദ്യ ആഴ്ചയില്‍ ദിവസവും രണ്ട് സ്ഫോടനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. തുടര്‍ന്ന് സുരക്ഷ പരിശോധിച്ച ശേഷം മൂന്നെണ്ണമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാവിലെ ആറ് മുതല്‍ ഏഴ് വരെയുള്ള സമയത്തിനുള്ളിലും ഉച്ചക്ക് 12നും ഒരു മണിക്കും ഇടയിലുമാണ് സ്ഫോടനം നടത്താന്‍ അനുമതി നല്‍കിയത്.
സ്ഫോടന സമയത്ത് പൊതുജനങ്ങള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഗതാഗത നിയന്ത്രണം സമാന രീതിയില്‍ നടത്തും. മൂന്നു മാസത്തിനകം രണ്ടാം തുരങ്കം തുറക്കാനാണ് ശ്രമിക്കുന്നത്. ഫയര്‍ ആൻഡ് സേഫ്റ്റി വിഭാഗം തുരങ്കത്തില്‍ പരിശോധന പൂര്‍ത്തിയാക്കി. പാറ പൊട്ടിച്ച് തുരങ്കത്തിലേക്കുള്ള റോഡിന്റെ പണി കൂടി പൂര്‍ത്തിയാക്കിയാല്‍ തുരങ്കം തുറക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്, പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ദേശീയപാത അതോറിറ്റി അധികൃതര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.