തൃശൂർ: ടോൾകൊള്ളക്കും ബാങ്ക് തട്ടിപ്പിനും കൂട്ടുനിന്നതിന്റെ ജാള്യത മറക്കാനാണ് ടി.എം. പ്രതാപൻ എം.പിക്കെതിരെ സി.പി.എം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോൺഗ്രസ്.
കള്ളപ്പണം പങ്കിട്ടെടുക്കുമ്പോൾ ഞങ്ങൾ ഒന്നാണ് എന്ന് പറയുന്നതാണ് സി.പി.ഐ ജില്ല സെക്രട്ടറിയുടെ വിലാപം. സഹകരണക്കൊള്ളകളും ടോൾ പ്ലാസ അഴിമതികളും ന്യായീകരിക്കുന്ന സി.പി.എം-സി.പി.ഐ നിലപാടുകൾ ജനങ്ങൾക്കിടയിലും പാർട്ടി അണികൾക്കിടയിലും ഉണ്ടാക്കിയ ഒറ്റപ്പെടുത്തലുകളുടെ ജാള്യത മറച്ചുവെക്കാനാണ് കോൺഗ്രസ് നടത്തുന്ന ജനകീയ സമരങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സഹകരണ കൊള്ളക്കെതിരെ നടത്തിയ പദയാത്രയുടെ പേരിൽ ഇരിങ്ങാലക്കുടയിലും ചേർപ്പിലും തൃശൂരിലും മൂന്ന് കള്ളക്കേസുകൾ പൊലീസ് എടുത്തു. ടോൾ തട്ടിപ്പിനെതിരെ നടത്തിയ സമരത്തിൽ പൊതുമുതൽ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു, പ്രകടനം നടത്തി എന്ന പേരിൽ മൂന്ന് കള്ളക്കേസുകൾ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകക്കെതിരെ എടുത്തു.
ജില്ലയിൽ സി.പി.എം എം.എൽ.എമാർ ദിവസങ്ങളോളം നടത്തിയ പദയാത്രകൾക്കെതിരെ ഒരു കേസും ഇല്ല. കള്ള കേസുകൾക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും പഞ്ചായത്ത് അംഗങ്ങൾ മുതൽ പാർലമെന്റ് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളും സംയുക്തമായി നടത്തുന്ന ഏകദിന സത്യാഗ്രഹം നവംബർ രണ്ടിന് തൃശൂർ കോർപറേഷൻ ഓഫിസിന് മുന്നിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ഐ.പി. പോൾ, സി.ഒ. ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.