തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനങ്ങളുടെ പിഴവ് പരിശോധിക്കാൻ കലക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശനിയാഴ്ച മൂന്ന് മണിയോടെ ടോൾ പ്ലാസ സന്ദർശിക്കും.
മന്ത്രി സി. രവീന്ദ്രനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തെയാണ് ഇതിന് നിയോഗിച്ചത്. ഇവർ ടോൾ പ്ലാസ സന്ദർശിച്ച് റീഡിങ് മെഷീൻ പരിശോധിച്ച് പിഴവ് കണ്ടെത്തിയാൽ ടോൾ പ്ലാസ തുറക്കാൻ നടപടിയെടുക്കും.
പാലിയേക്കരയിൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികൾ എത്രയും വേഗം പരിഹരിക്കണമെന്നും ദേശീയപാത അതോറിറ്റി വ്യവസ്ഥകൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യവസ്ഥകളുടെ ലംഘനം, സർവിസ് റോഡുകളുടെ ശോച്യാവസ്ഥ എന്നിവ പരിഹരിക്കുമെന്ന് കമ്പനി ഉറപ്പുനൽകി.
മണ്ണുത്തിയിലെ വെള്ളക്കെട്ട് 10 ദിവസത്തിനകം ഒഴിവാക്കും. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള റോഡിലെ കുഴികൾ അടക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു.
കലക്ടറുടെ നിർദേശപ്രകാരം തുക ഒന്നര കോടി ആക്കുന്ന കാര്യം പരിഗണിക്കാമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പ് നൽകി. കുതിരാൻ തുരങ്കം പൂർത്തിയാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ഡൽഹിയിൽ ചേരുമെന്ന് ടി.എൻ. പ്രതാപൻ എം.പി യോഗത്തിൽ അറിയിച്ചു. ചീഫ് വിപ്പ് കെ. രാജനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.