വിയ്യൂർ ജില്ല ജയിലിലെ പൂകൃഷി വിളവെടുപ്പ് നിയമസേവന അതോറിറ്റി സെക്രട്ടറിയും
സബ് ജഡ്ജിയുമായ സരിത രവീന്ദ്രൻ നിർവഹിക്കുന്നു
തൃശൂർ: ലക്ഷ്യമിട്ടത് ഓണവിപണിയാണെങ്കിലും കാലാവസ്ഥ വ്യതിയാനം ചതിച്ചതിനാൽ അൽപം വൈകിയെങ്കിലും ജയിൽ വസന്തം കളറാണ്. വിപണി സാധ്യതയിൽ കുറവൊന്നുമില്ലതാനും. വിയൂർജില്ല ജയിലിയിലെ പൂകൃഷി ഓണം കഴിയുന്ന ദിവസത്തിൽ വിളവെടുത്തു.
ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സരിത രവീന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ രാജശ്രീ ഗോപൻ മുഖ്യാതിഥിയായി. ജില്ല ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ, വെൽഫെയർ ഓഫിസർ സാജി സൈമൺ, കൃഷി ഓഫിസർ ചിത്ര ഗംഗാധരൻ, അസി. സൂപ്രണ്ടുമാരായ രജീഷ് ശശികുമാർ എന്നിവർ പങ്കെടുത്തു.
ജയിലിലെ പച്ചക്കറി കൃഷിക്കൊപ്പം മാസങ്ങൾക്ക് മുമ്പാണ് പൂകൃഷിയിറക്കുന്നതിനെ കുറിച്ച് ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ ആശയം പങ്കുവെക്കുന്നത്. തടവുകാർ അത് ഏറ്റെടുക്കുകയും ചെയ്തു. കൃഷി വകുപ്പിൽനിന്ന് വിത്തും പരിപാലന സഹായങ്ങളുമടക്കമുള്ളവയും ലഭിച്ചതോടെ ജയിൽ കൃഷിക്ക് തുടക്കമായി. ഓണത്തിന് പൂക്കൾ വിപണിയിലെത്തിക്കുന്ന വിധത്തിലായിരുന്നു പദ്ധതി.
എന്നാൽ, മഴയില്ലായ്മയും കാലാവസ്ഥ വ്യതിയാനവുമായതോടെ ദിവസങ്ങളിൽ അൽപം മാറി. ഓണത്തിന് മുമ്പേ വിളവെടുക്കാൻ കഴിയേണ്ടിയിരുന്നത് അഞ്ചോണ നാൾ ആവേണ്ടി വന്നു. തടവുകാരിലെ ആറ് പേരടങ്ങുന്ന സംഘത്തിനായിരുന്നു പൂകൃഷിയുടെ ചുമതല. നാല് ഡോർമെട്രികൾ വീതമുള്ള രണ്ട് നില ബ്ലോക്കുകൾക്കിടയിൽ പൂത്തുലഞ്ഞ് നിൽക്കുന്ന വിവിധ വർണങ്ങളിലുള്ള പൂകൃഷിത്തോട്ടം ആകർഷണീയമാണ്.
ആയിരത്തിലധികം ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങി നിരവധി ഇനങ്ങളിലുള്ള ചെടികൾ കൃഷി ചെയ്തിട്ടുണ്ട്. ശനിയാഴ്ച 26 കിലോ ചെണ്ടുമല്ലിയും ആറ് കിലോ വാടാർമല്ലിയും വിളവെടുത്തു. ഇത് നഗരത്തിലെ പൂ വിൽപന സ്റ്റാളിന് കൈമാറി വിൽപന നടത്തിയതിലൂടെ സർക്കാറിലേക്ക് വരുമാനവുമുണ്ടാക്കി. നിലവിൽ ഒരു മാസത്തോളം വിളവെടുക്കാനുള്ള നിലയിൽ കൃഷി പാകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.