വാടാനപ്പള്ളി: ഇന്ത്യൻ വിപണിയിൽ വിൽപനക്ക് അനുമതിയില്ലാത്ത ഒന്നര ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റുകൾ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടി. നിയമപ്രകാരമുള്ള മുന്നറിയിപ്പോ നിർദേശങ്ങളോ പ്രിന്റ് ചെയ്യാതെ അനധികൃതമായി വിൽപന നടത്താൻ എത്തിച്ച സിഗരറ്റുകൾ വാടാനപ്പള്ളി സെന്ററിലെ ഐറ്റംസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽനിന്നാണ് പിടികൂടിയത്.
വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിൽപനക്ക് വെച്ചിരുന്ന വിദേശ നിർമിത സിഗരറ്റുകളിൽ കോട്പ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ലേബൽ പതിച്ചിരുന്നില്ല. ഇവക്ക് ഇന്ത്യൻ വിപണിയിൽ വിൽപനക്ക് അനുമതിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയുടമ വലിയകത്ത് വീട്ടിൽ സൈഫുദ്ദീനെതിരെ നടപടിയെടുത്തു.
വിവിധ ബ്രാൻഡുകളിലുള്ള സിഗരറ്റുകളാണ് പിടിച്ചെടുത്തത്. ഇവ തുടർനടപടിക്ക് വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറി. പ്രിവന്റിവ് ഓഫിസർ കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ജെയ്സൺ പി. ദേവസി, അനീഷ് പോൾ, രാജേഷ്, രതീഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.