ഗുരുവായൂർ: നഗരസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽനിന്ന് ചിലരെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് കൗൺസിലർ എ.ടി. ഹംസ.
എക്കാലത്തും കോൺഗ്രസിൽ അടിയുറച്ച് നിന്നവരെ അങ്ങനെയല്ലാത്ത ചിലർ നോവിക്കുകയാണെന്നും ഹംസ പ്രസ്താവനയിൽ പറഞ്ഞു. ഒരുവർഷമായി കൗൺസിലർമാരുടെ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാത്തതിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങളാണ്. ഇവരുടെ താൽപര്യങ്ങൾ നേതൃത്വം തിരിച്ചറിയുന്നുമില്ല.
കുടുംബാരോഗ്യ കേന്ദ്രത്തിെൻറ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കണമെന്ന നിർദേശം പാർട്ടി അറിയിച്ചിരുന്നില്ലെന്നും ഹംസ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലരെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനും പുറത്തുനിർത്താനുമായി കാരണങ്ങൾ കണ്ടെത്തലാണ് ഇപ്പോൾ നടക്കുന്നതെന്നും ആരോപിച്ചു.
കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ബഹിഷ്കരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടും ഹംസ, പി.എസ്. പ്രസാദ് എന്നീ കൗൺസിലർമാർ പങ്കെടുത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ ചില കേന്ദ്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കൗൺസിലറായ ഹംസ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.