അന്തിക്കാട്: സർക്കാർ ജീവനക്കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ജീവനക്കാരനായ പാലാ സ്വദേശി അറസ്റ്റിൽ. പാലാ മുനിസിപ്പാലിറ്റിയിലെ സീനിയർ ക്ലർക്ക് മണ്ണാർക്കാട്ട് വീട്ടിൽ ബിജോയ് ജോസഫിനെയാണ് (52) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2018ൽ ആണ് കേസിനാസ്പദമായ സംഭവം.
2008 മുതൽ 2016 വരെ പ്രതി തൃശൂർ ജില്ലയിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവിലാണ് ഭർതൃമതിയും രണ്ട് മക്കളുടെ അമ്മയുമായിരുന്ന യുവതിയെ പ്രലോഭിപ്പിച്ച് ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തത്. വർഷങ്ങൾ നീണ്ട ബന്ധത്തിനിടയിൽ ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയി ഗർഭഛിദ്രം നടത്തുകയും ചെയ്തു.
വിവരം യുവതിയുടെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങൾ ഉടലെടുത്തു. സ്വർണവും പണവും കൈവശപ്പെടുത്തിയ ബിജോയ് ജോസഫ് കൂടി തള്ളിപ്പറഞ്ഞതോടെയാണ് 2018ൽ യുവതി ആത്മഹത്യ ചെയ്തത്. അന്നത്തെ എസ്.ഐ എസ്.ആർ. സനീഷ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് അറസ്റ്റ്.
അന്തിക്കാട് എസ്.എച്ച്.ഒ പ്രശാന്ത് ക്ലിൻറ്, എസ്.ഐ കെ.എസ്. സുശാന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു മലയിൽ, സി.എസ്. അജിത്ത്, കെ.ബി. ഷറഫുദ്ദീൻ, ജെ. ശബരിനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.