നാട്ടിക: ആടുകൾക്ക് വിരമരുന്ന് കൊടുക്കേണ്ടതുണ്ടോ എന്നറിയാനായി മണ്ണുത്തി വെറ്ററിനറി കോളജിലെ പരാദശാസ്ത്ര വിഭാഗം വികസിപ്പിച്ച 'ഹീം ചെക്ക് അനീമിയ ഐ കാർഡ്' കർഷകരിലെത്തിത്തുടങ്ങി.
കാർഡിൽ കാണിച്ച ചിത്രങ്ങളുടെ സഹായത്തിൽ ആടുകളുടെ കണ്ണ് പരിശോധിച്ച് വിരമരുന്ന് ആവശ്യമാണോ എന്ന് കർഷകർക്ക് തിരിച്ചറിയാം. ഇതുസംബന്ധിച്ച ക്ലാസ് ആട് കർഷനായ നാട്ടിക യൂനുസിന്റെ ഫാമിൽ നടന്നു. തൃശൂരിലും പാലക്കാട്ടും മാത്രമാണ് ആദ്യഘട്ടത്തിൽ കാർഡുകളുടെ വിതരണം നടത്തുന്നത്. നബാർഡിന്റെ ധനസഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
90കളിൽ ദക്ഷിണാഫ്രിക്കയിൽ ചെമ്മരിയാടുകൾക്ക് ഇത്തരം കാർഡുകൾ പരീക്ഷിച്ചിരുന്നെങ്കിലും കേരളത്തിൽ ആടുകൾക്ക് പ്രയോജനപ്പെടും വിധം വെറ്ററിനറി കോളജ് വികസിപ്പിച്ചത് 2020ൽ പരാദശാസ്ത്ര വിഭാഗത്തിൽ ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. അത് വിജയകരമായതോടെ ലാബുകളിൽനിന്ന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഘട്ടമാണ് നടന്നുവരുന്നത്.
'സുസ്ഥിര അജപരിപാലനം, വിര മരുന്നുകളുടെ വിവേചന പൂർണമായ ഉപയോഗത്തിലൂടെ' തലക്കെട്ടിലാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്. ഇതിലൂടെ വിരമരുന്നുകൾ ഒരു തത്ത്വദീക്ഷയുമില്ലാതെ നൽകുന്നത് തടയാനാകുമെന്ന് വെറ്ററിനറി കോളജ് പരാദശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. ശ്യാമള പ്രത്യാശിച്ചു. ചടങ്ങിൽ കർഷകരും ജനപ്രതിനിധികളും വെറ്ററിനറി കോളജ് പി.ജി വിദ്യാർഥികളും മൃഗാശുപത്രി ഡോക്ടർ സാമും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.