ആരോഗ്യ സര്‍വകലാശാലക്ക് മുന്നില്‍ ബി.ഫാം വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം

മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സര്‍വകലാശാലക്കു മുന്നില്‍ ബി.ഫാം വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി.

മേയിൽ നടക്കുന്ന എട്ടാം സെമസ്റ്റര്‍ റെഗുലര്‍ പരീക്ഷ എഴുതണമെങ്കിൽ ഏഴാം സെമസ്റ്റര്‍ വരെയുള്ള എല്ലാ പേപ്പറും പൂർത്തിയാക്കണം എന്ന ആരോഗ്യ സര്‍വകലാശാലയുടെ നിയമവുമായി ബന്ധപ്പെട്ട്, സപ്ലിമെന്ററി പരീക്ഷക്ക് അവസരംപോലും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വിവിധ കോളജുകളില്‍നിന്നുള്ള ബി.ഫാം വിദ്യാര്‍ഥികളാണ് സമര രംഗത്ത്.

എട്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ആറ്, ഏഴ് സെമസ്റ്ററുകളുടെ മുഴുവന്‍ ക്ലാസുകളും ഓണ്‍ലൈനായാണ് നടത്തിയത്. റെഗുലര്‍ പരീക്ഷകള്‍ മൂന്നു മാസത്തെ ഇടവേളയിലാണ് നടത്തിയത്.

കോവിഡ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ നടത്തിയ പരീക്ഷ പലർക്കും എഴുതാനായിരുന്നില്ല. ആറ്, ഏഴ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം അടുത്തിടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, ആ പരീക്ഷകളിലും പലര്‍ക്കും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പറയുന്നു.

ഒന്നു മുതല്‍ നാലുവരെ സെമസ്റ്ററുകള്‍ക്കെല്ലാം രണ്ടിലധികം അവസരം നല്‍കിയ സർവകലാശാല ആറ്, ഏഴ് സെമസ്റ്ററുകള്‍ക്ക് ഒരുതവണ മാത്രമാണ് അവസരം നൽകിയത്.

Tags:    
News Summary - Indefinite strike by B.Pharm students in front of Health University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.