തൃശൂർ: ലബനനിലെ അമ്മമാരുടെ കണ്ണീരും ചെറുപുഞ്ചിരികളും വേദിയിലെത്തി അലി ചാഹ്റൂറിന്റെ ‘ടോള്‍ഡ് ബൈ മൈ മദര്‍’ നാലാം ദിനത്തെ സമ്പന്നമാക്കി. അപൂർവ കാഴ്ചാനുഭവമായിരുന്നു ഈ ലബനീസ് നൃത്ത നാടകം. വേദനയും ആത്മസംഘർഷങ്ങളും കഥാപാത്രങ്ങൾ വേദിയിൽ പകർന്നാടിയപ്പോൾ പ്രേക്ഷകർ വീർപ്പടക്കി നിന്നു.
അലി ചാഹ്റൂറിന്റെ സ്വന്തം ജീവിതവുമായി അടുപ്പമുള്ള രണ്ട് അമ്മമാരുടെ ജീവിതമായിരുന്നു പ്രമേയം. കേന്ദ്രകഥാപാത്രമായ അമ്മ ലൈല, മകൻ അബ്ബാസിനെ രക്തസാക്ഷിയാകുന്നതില്നിന്ന് സംരക്ഷിക്കാന്‍ നോക്കുന്നു. മറ്റൊരു അമ്മയായ ഫാത്മെ കാണാതായ മകനുവേണ്ടിയുള്ള അലച്ചിലിലാണ്.
ബെയ്റൂട്ടിലെയും പ്രാന്തപ്രദേശങ്ങളിലെയും വാസസ്ഥലങ്ങളിലുള്ള ശബ്ദങ്ങള്‍, പാട്ടുകള്‍, ഓർമകള്‍ നിലനില്ക്കാന് പറയുന്ന കഥകള്‍, അതിജീവിക്കാന്‍ ചെയ്യുന്ന നൃത്തങ്ങള്‍ എന്നിങ്ങനെയാണ് നാടകത്തിന്റെ നൃത്താവിഷ്കാരം. സ്വന്തം കുടുംബ ചരിത്രത്തിലും സമകാലിക ലെബനനിലും നടക്കുന്ന വേദനാജനകമായ ജീവിതങ്ങളുടെ നൃത്താവിഷ്കാരം കൂടിയാണ് ഈ നാടകം.
അറബ് നാടന്‍ പാട്ടുകളുടെ സമാഹരം കാണികള്‍ക്ക് പുതു അനുഭവമാകുന്നു. കെ.ടി. മുഹമ്മദ് തിയറ്ററില്‍ അവതരിപ്പിച്ച സുരഭി തിയറ്റേഴ്സിന്റെ ‘മായാബസാര്‍’ നാടകത്തിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണമായിരുന്നു. ബ്ലാക്ക് ബോക്സില്‍ ബ്ലാക്ക് ഹോള്‍ രണ്ടാം ദിനവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.