തൃശൂർ: ഫെബ്രുവരി അഞ്ചുമുതല്‍ 14 വരെ തൃശൂരിൽ നടക്കുന്ന ഇറ്റ്ഫോക്കിന്റെ അവസാന വട്ട ഒരുക്കം സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിലയിരുത്തി. പ്രധാന സാംസ്കാരിക സ്ഥാപനങ്ങളായ കലാമണ്ഡലം, സാഹിത്യ അക്കാദമി, ലളിതകല അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയെ ഏകോപിപ്പിച്ച് ഒരു അന്തർദേശീയ ഫെസ്റ്റിന് അടുത്തവർഷം ജില്ല വേദിയാകുമെന്ന് അദ്ദേഹം അറിയിച്ചു.
സാംസ്കാരിക, ടൂറിസം വകുപ്പുകളെ ഏകോപിപ്പിച്ച് അന്തർദേശീയ നിലവാരത്തിൽ ഫെസ്റ്റ് ഒരുക്കും. കലയും സാഹിത്യവും സംഗീതവും ഒന്നിക്കുന്ന ഫെസ്റ്റ് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ഉയർത്തുന്നതായിരിക്കും. ഇതുസംബന്ധിച്ച് വിശദമായ പ്ലാൻ തയാറാക്കാനും മന്ത്രി നിർദേശിച്ചു.
സെമിനാറുകൾ, സിംപോസിയങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ തുടങ്ങിയ ഫെസ്റ്റിന്റെ ഭാഗമാകും. അടുത്തവർഷം തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവംകൂടി ഏകോപിപ്പിച്ച് ഇത് നടത്താമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പാലസ് റോഡ് ഫെബ്രുവരി അഞ്ചുമുതൽ 14 വരെയുള്ള ദിനങ്ങൾ ഇറ്റ്ഫോക്ക് അവന്യൂ ആയും മന്ത്രി പ്രഖ്യാപിച്ചു.
ഏഴ് വേദികളിലായാണ് നാടകങ്ങളും സംഗീത പരിപാടികളും മറ്റ് അനുബന്ധ പരിപാടികളും അരങ്ങേറുന്നത്. ഓഡിയോ വിഷ്വല്‍ പെര്‍ഫോമന്‍സായ ‘ഡോണ്ട് ബിലീഫ് മി ഇഫ് ഐ ടോക്ക് റ്റു യൂ ഓഫ് വാര്’അടക്കമുള്ള അവതരണങ്ങള്‍ ഇവിടെ നടക്കും. കെ.ടി. മുഹമ്മദ് തിയറ്റര്‍, ബ്ലാക്ക് ബോക്സ്, ആക്ടര്‍ മുരളി തിയറ്റര്‍, രാമനിലയം ബാക്ക് യാർഡ്, പവലിയന് തിയറ്റർ, ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് എന്നിവയാണ് മറ്റു വേദികള്‍. വേദികളുടെ നിർമാണം മന്ത്രി വിലയിരുത്തി.
അവലോകന യോഗത്തിൽ കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, കേരള ലളിതകല അക്കാദമി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍, അക്കാദമി പ്രോഗ്രാം ഓഫിസര്‍ വി.കെ. അനില്‍ കുമാര്‍, അക്കാദമി വൈസ് ചെയര്മാന് പി.ആര്. പുഷ്പവതി, ഫെസ്റ്റിവൽ കോഓഡിനേറ്റർ വി. ശശികുമാർ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.