തൃശൂർ: വൻകിട സ്ഥാപനങ്ങളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ കെണിയാണെന്നും കുടുങ്ങരുതെന്നും പൊലീസിന്റെ മുന്നറിയിപ്പ്. ആമസോൺ, ഫ്ലിപ്കാർട്ട് പോലെ വൻകിട സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കപ്പെടുകയും, വലിയ കമ്പനികളിൽ കച്ചവടം നടത്തുന്നതിനായി നിക്ഷേപിച്ചാൽ എളുപ്പത്തിൽ വൻ ലാഭം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ആദ്യം നിക്ഷേപിക്കുന്ന ചെറിയ തുകയുടെ ഇരട്ടി നിക്ഷേപകന് മടക്കി നൽകി വിശ്വാസം വരുത്തുന്നു. ഇതു വിശ്വസിക്കുന്ന നിക്ഷേപകനോട് കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും അത് നിക്ഷേപകന് ഇരട്ടിയായി ലഭിക്കുമെന്ന് വാഗ്ദാനം നൽകി വീണ്ടും വീണ്ടും നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു.
എന്നാൽ, നിക്ഷേപ തുക ഇരട്ടിയായി ലഭിച്ചതായി മൊബൈൽ ഫോണിൽ തെളിയുമെങ്കിലും, ഇതൊന്നുംതന്നെ നിക്ഷേപകന് പിൻവലിക്കാൻ സാധിക്കുകയില്ല. താൻ കുടുങ്ങിയിരിക്കുന്നത് വലിയ തട്ടിപ്പിലാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഭീമമായ നഷ്ടമായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.