മാള: 2020ൽ ഉദ്ഘാടനം കഴിഞ്ഞ മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചില്ല. അന്നത്തെ റവന്യൂ മന്ത്രി, എം.പിയും എം.എൽ.എയും അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടത്തിയത്. 44 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രമാണ് വില്ലേജ് കാര്യാലയം നിർമാണം പൂർത്തീകരിച്ചത്. മടത്തുംപടി സ്വദേശി പടിയിൽ ജോൺസൻ തോമസാണ് ഭൂമി വിട്ടുനൽകിയത്.
പൊയ്യ വില്ലേജ് കാര്യാലയത്തിൽ ഒന്നിച്ച് പ്രവർത്തിക്കുന്ന രണ്ട് വില്ലേജുകളാണ് പള്ളിപ്പുറവും മടത്തുംപടിയും. ഗ്രൂപ് വില്ലേജുകൾ വിഭജിച്ചപ്പോൾ പുതിയ ഉദ്യോഗസ്ഥ തസ്തികകൾക്ക് ധനകാര്യ വകുപ്പ് അനുമതി നൽകാത്തതാണ് പ്രവർത്തനത്തിന് തടസ്സമായി പറയുന്നത്.
മടത്തുംപടി വില്ലേജ് നിവാസികൾ 12 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്താണ് പൊയ്യ ഗ്രൂപ് വില്ലേജ് ഓഫിസിൽ എത്തുന്നത്. 1861 ചതുരശ്ര അടിയിൽ വരാന്ത, വില്ലേജ് ഓഫിസറുടെ മുറി, റെക്കോഡ് റൂം, ഫ്രണ്ട് ഓഫിസ്, ശുചിമുറി, അംഗപരിമിതർക്ക് പ്രത്യേക പ്രവേശന കവാടവും ശുചിമുറിയും തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ഓഫിസിൽ സജ്ജീകരിച്ചിട്ടുള്ളത്.
വില്ലേജ് ഓഫിസിന്റെ പ്രവർത്തനം ആരംഭിക്കാൻ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മാള പള്ളിപ്പുറം ഷാന്റി ജോസഫ് തട്ടകത്ത് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി (റവന്യൂ), ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനൽ ഓഫിസർ, ജില്ല കലക്ടർ, കൊടുങ്ങല്ലൂർ താലൂക്ക് തഹസിൽദാർ, പൊയ്യ വില്ലേജ് ഓഫിസർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് ഇവരെ കക്ഷിചേർത്താണ് ഹരജി നൽകിയത്. ബന്ധപ്പെട്ടവർക്ക് ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.