തൃശൂർ: ജില്ലയിലെ കോൺഗ്രസിനെ ഇനി പുതുതലമുറയുടെ പ്രതിനിധി ജോസ് വള്ളൂർ നയിക്കും. ഗ്രൂപ് പോരിൽ അടിത്തറ തകർന്ന ജില്ലയിലെ പാർട്ടിയെയും യു.ഡി.എഫിനെയും ശക്തമാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. മുതിർന്ന നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, പദ്മജ വേണുഗോപാൽ, ടി.യു. രാധാകൃഷ്ണൻ, അനിൽ അക്കെര എന്നിവരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ജോസിനാണ് ജില്ലയിലെ പാർട്ടിയെ നയിക്കാനുള്ള നിയോഗം വന്നത്.
മൂന്നു പതിറ്റാണ്ടിലേറെയായി തൃശൂരിെൻറ സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പരിചിത മുഖമാണ് ജോസ് വള്ളൂർ. കോൺഗ്രസിെൻറ താഴെ തട്ടിലുള്ള പ്രവർത്തകരുമായി അടുത്തബന്ധം പുലർത്തുന്നയാൾ എന്നതിനൊപ്പം ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ഏറെ അടുപ്പമുണ്ട്. ഐ ഗ്രൂപ്പിൽ സമീപകാലം വരെ രമേശ് ചെന്നിത്തലയോടൊപ്പമായിരുന്ന ജോസ് ഇപ്പോൾ കെ. സുധാകരനൊപ്പമാണ്.
ഇപ്പോൾ ഡി.സി.സി പ്രസിഡൻറ് പദവിക്ക് പിന്നിലും സുധാകരനാണ്. അതിനാൽ, ഐ ഗ്രൂപ്പിനും ജില്ല കൈവിട്ടുപോയതിൽ എ ഗ്രൂപ്പിനും അമർഷമുണ്ട്. പരിഗണിക്കുകയോ ചർച്ച നടത്തുകയോ ചെയ്തില്ലെന്ന പരിഭവം മുതിർന്ന നേതാക്കൾക്കുമുണ്ട്. 2016ൽ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് നേരിയ ആശ്വാസമായി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയമുണ്ടായെങ്കിലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസും യു.ഡി.എഫും നേരിട്ടത്. സംഘടനാപരമായ ദുർബലത പരിഹരിക്കാൻ നേതാക്കളാരും ശ്രമിച്ചില്ല.
പല തദ്ദേശ സ്ഥാപനങ്ങളിലും കൂറ് മാറി ചേരിപ്പോരിലുമാണ്. മുതിർന്ന നേതാക്കൾ അടക്കം പാർട്ടി വിടുകയും ചെയ്തു.നാഥനില്ലെന്ന തോന്നലിൽ നേതാക്കളും പ്രവർത്തകരും കടുത്ത അസ്വസ്ഥതയിലിരിക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം.പി വിൻസൻറിനെ ഡി.സി.സി പ്രസിഡൻറായി നിയമിച്ചത്. എന്നിട്ടും പാർട്ടിക്കും യു.ഡി.എഫിനും നേട്ടമൊന്നും ഉണ്ടായില്ല. വിൻസൻറിന് പിന്തുടർച്ചയായി ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളയാളെ തന്നെ പ്രസിഡൻറാക്കിയതിലൂടെ മധ്യ കേരളത്തിൽ ക്രൈസ്തവ വിഭാഗം കോൺഗ്രസിനോട് അകന്നുവെന്ന വിലയിരുത്തലിനെ പ്രതിരോധിക്കൽ കൂടിയാണ്. തലമുറ മാറ്റത്തിലൂടെ യുവനേതാവ് ജില്ലയെ നയിക്കാനെത്തുമ്പോൾ പ്രവർത്തകർ ഏറെ പ്രതീക്ഷയിലാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സംഘടന പ്രവർത്തന രംഗത്തേക്ക് കടന്ന ജോസ് കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2003 മുതൽ കെ.പി.സി.സി അംഗമായ ജോസ് ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. നിരവധി സാമൂഹിക -സാംസ്കാരിക സംഘടനകളിലെ നിറസാന്നിധ്യവുമാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ അമരത്തേക്ക്
തൃശൂർ: ഡി.സി.സി പ്രസിഡൻറായി നിയമിതനായ ജോസ് വള്ളൂർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. അന്തിക്കാട് വള്ളൂർ സ്വദേശിയാണ്. അന്തിക്കാട് സ്കൂളിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറായാണ് തുടക്കം. തുടർന്ന് ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.പിന്നീട് യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറായി. 2003 മുതൽ കെ.പി.സി.സി അംഗമായിരുന്ന ജോസ് ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ജോസ് വള്ളൂരെന്ന 55കാരൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒല്ലൂരിൽ മത്സരിച്ചിരുന്നു. ബിരുദധാരിയാണ്. അഡ്വർടൈസിങ് ആൻഡ് വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.
രാജീവ് ഗാന്ധി പഠനകേന്ദ്രം സ്ഥാപക ചെയർമാൻ, തൃശൂർ ജില്ല വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റി പ്രസിഡൻറ്, അളഗപ്പ സ്പിന്നിങ് മിൽ ഐ.എൻ.ടി.യു.സി വർക്കേഴ്സ് യൂനിയൻ വർക്കിങ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ സി.ഐ. ആൻറണി. മാതാവ്: മറിയാമ്മ. ഭാര്യ: ബീന. മകൾ: ആൻ ജോസ്.
കോൺഗ്രസിെൻറ വളർച്ചക്ക് ഒന്നിച്ചു പ്രവർത്തിക്കും –ജോസ് വള്ളൂർ
തൃശൂർ: എല്ലാവരെയും യോജിപ്പിച്ച് കോൺഗ്രസിെൻറ വളർച്ചക്കും വിജയത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് നിയുക്ത ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ. കോൺഗ്രസിൽ പുതിയ ഉണർവിനായി ആത്മാർഥമായി ശ്രമിക്കും. ജില്ലയിൽ കോൺഗ്രസിെൻറ വീണ്ടെടുപ്പിന് എല്ലാവരെയും ഒന്നിപ്പിച്ച് പ്രവർത്തിക്കും.
തെരഞ്ഞെടുപ്പിലെ പരാജയവും മുൻകാലങ്ങളിലെ ആലസ്യതയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നേരിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, യുവതലമുറയിലുള്ള ഹൈകമാൻഡിെൻറയും കെ.പി.സി.സി പ്രസിഡൻറിെൻറയും പ്രതീക്ഷ നിറവേറ്റും തരത്തിലാവും പ്രവർത്തനം. ചുമതല ഏറ്റവും മികച്ച രീതിയിൽ ആത്മാർഥമായി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.