ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിൽ കുറ്റക്കാർ പാർട്ടി നേതൃത്വം തന്നെയാണെന്നും സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് പാർട്ടിയും ഭരണക്കാരും തന്നെയെന്നും കെ.കെ. രമ എം.എൽ.എ. തട്ടിപ്പിൽ പാർട്ടി ജില്ല നേതൃത്വവും പങ്കാളികളാണെന്നും രമ ആരോപിച്ചു.
നിക്ഷേപത്തുക ചികിത്സക്ക് ലഭിക്കാത്തതിനെത്തുടർന്ന് മരണമടഞ്ഞ മാപ്രാണം സ്വദേശി ഫിലോമിനയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ഫിലോമിനയുടെ ഭർത്താവ് ദേവസ്സിക്കുട്ടിയിൽനിന്നും മകൻ ഡിനോയിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു പ്രതികരണം.
ഫിലോമിനയുടെ കുടുംബത്തിന് നാലര ലക്ഷത്തോളം രൂപ ചികിത്സക്ക് നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. മനുഷത്വരഹിതമായാണ് പലരും പ്രതികരിക്കുന്നത്. കരുവന്നൂർ ബാങ്ക് പ്രതിസന്ധി വിഷയം ഉയർന്നുവന്നിട്ട് മാസങ്ങളായി. നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാൻ സർക്കാർ എന്തുചെയ്തെന്ന് വ്യക്തമാക്കണം. പ്രതിസന്ധി പരിഹരിക്കാൻ അപെക്സ് ബാങ്ക് എന്ത് ചെയ്തുവെന്നും വിശദീകരിക്കണം.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും രമ ആവശ്യപ്പെട്ടു. പ്രതികരിച്ച പാർട്ടി പ്രവർത്തകൻ സുജേഷ് കണ്ണാട്ടിനെ പുറത്താക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി.
കൗൺസിലർ ബൈജു കുറ്റിക്കാടൻ, ആർ.എം.പി ജില്ല സെക്രട്ടറി പി.ജെ. മോൻസി, നേതാക്കളായ കെ.ജി. സുരേന്ദ്രൻ, അനീഷ് കുന്നംകുളം, ശ്രീജ സലി, ബീന രവി, ഗീത രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.