ചെന്ത്രാപ്പിന്നി: കാൽനൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശൂരിന് സ്വന്തമാകുമ്പോൾ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിനും അഭിമാന നിമിഷം. ജില്ലയിലെ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ചരിത്രവിജയം നേടിയിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ.
13 ഇനങ്ങളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 75 പ്രതിഭകൾ മാറ്റുരച്ച കൗമാര കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 53, അറബിക് കലോത്സവത്തിൽ 10 എന്നിങ്ങനെ 63 പോയന്റുകളാണ് ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് ജില്ലക്ക് നേടിക്കൊടുത്തത്.
12 ഇനങ്ങളിൽ സ്കൂൾ എ ഗ്രേഡ് നേടിയതും ഏറെ ശ്രദ്ധേയമായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒപ്പന, ദഫ് മുട്ട്, മാർഗംകളി, പൂരക്കളി, നാടകം, ഹൈസ്കൂൾ വിഭാഗത്തിൽ ചവിട്ടുനാടകം, അറബിനാടകം, എന്നീ ഗ്രൂപ്പിനങ്ങളിലും എച്ച്.എസ്.എസ് മലയാളം കഥാരചന, ഉറുദു ഉപന്യാസ രചന, ഇംഗ്ലീഷ് കവിത രചന, എച്ച്.എസ് കാർട്ടൂൺ, കേരള നടനം, അറബിക് പോസ്റ്റർ എന്നീ വ്യക്തിഗന ഇനങ്ങളിലുമാണ് വിദ്യാർഥികൾ മത്സരിച്ചത്.
പങ്കെടുത്ത ഗ്രൂപ്പിനങ്ങളിലെല്ലാം മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. മുൻ വർഷങ്ങളിലും ഒപ്പന, തിരുവാതിര, ദഫ് മുട്ട്, കോൽക്കളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടാറുണ്ടെങ്കിലും ഇത്തവണ ആ മികവ് ജില്ലയുടെ തന്നെ സ്വർണ നേട്ടത്തിന്റെ ഭാഗമാകുകയായിരുന്നു.
വലപ്പാട് ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ വിജയശതമാനത്തിലും നൂറിൽ നൂറാണ്. വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി അഞ്ച് വർഷം ഓവറോൾ സ്വന്തമാക്കിയ ചരിത്രവും വിദ്യാലയത്തിനുണ്ട്.
ഓരോ ഇനത്തിലും ചിട്ടയായ പരിശീലനങ്ങളാണ് സ്കൂളിനെ മികച്ച വിജയത്തിലേക്ക് നയിക്കുന്നതെന്ന് പ്രധാനാധ്യാപകൻ കെ.എസ്. കിരൺ, പ്രിൻസിപ്പൽമാരായ ശ്രീജിഷ് പൊയ്യാറ, വി.ബി. സജിത്ത്, പി.ടി.എ പ്രസിഡന്റ് എ.വി. പ്രദീപ് ലാൽ എന്നിവർ പറഞ്ഞു. കലാരംഗത്തെ പ്രശസ്തരാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയാണ് വിജയങ്ങൾക്ക് പിന്നിലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.