കൊടകര: പഞ്ചായത്തില്‍ പെട്രോളിയം പൈപ്പ് ലൈൻ സ്ഥാപിക്കാനായി നാലുവര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് ഇതുവരെ സഞ്ചാരയോഗ്യമാക്കിയില്ലെന്ന് പരാതി.
ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്തും പേരാമ്പ്ര-പുത്തൂക്കാവ് റോഡിലെ ഈശ്വരമംഗലം ക്ഷേത്രത്തിനു സമീപവുമാണ് റോഡ് കുഴികളായത്. കൊടകര, ആളൂര്‍ പഞ്ചായത്തുകളിലെ ഒട്ടേറെ ആളുകള്‍ ആശ്രയിക്കുന്ന റോഡുകള്‍ക്ക് കുറുകെയാണ് പെട്രോള്‍ പൈപ്പ് ലൈൻ കടന്നുപോകുന്നത്. നാല് വര്‍ഷത്തോളം മുമ്പാണ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഇവിടെ റോഡ് വെട്ടിപ്പൊളിച്ചത്. വെട്ടിപ്പൊളിച്ച ഭാഗം താല്‍ക്കാലികമായി മണ്ണും കരിങ്കല്ലും മെറ്റലും ഉപയോഗിച്ച് മൂടിയിരുന്നെങ്കിലും ഇതിനു മീതെ ടാറിങ് നടത്തിയില്ല. അതിനാൽ ഈ റോഡുകളിലൂടെയുള്ള യാത്ര ദുരിതമാണ്. ചെറുകുന്ന്-ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്ത് പൈപ്പ് ലൈൻ ഇടാനായി വെട്ടിപ്പൊളിച്ച ഭാഗത്ത് കുഴികളുള്ളതിനാല്‍ മഴപെയ്യുമ്പോള്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കും. വെള്ളം നിറഞ്ഞ കുഴികളുടെ ആഴം അറിയാനാകാത്തതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവാണ്.
റോഡ് പൂര്‍വ സ്ഥിതിയിലാക്കാനുള്ള തുക പൈപ്പ് ലൈൻ സ്ഥാപിച്ച ഏജന്‍സി ഗ്രാമപഞ്ചായത്തിന് രണ്ടുവര്‍ഷം മുമ്പേ കൈമാറിയിട്ടുള്ളതായി വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലുള്ളതായും എന്നാല്‍ ഇതുവരെ റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാനുള്ള നടപടി ഉണ്ടായിട്ടില്ലെന്നും പൊതുപ്രവര്‍ത്തകനായ പുഷ്പാകരന്‍ തോട്ടുംപുറം പരാതിപ്പെട്ടു.
എത്രയും വേഗം കുഴികളടച്ച് റോഡ് യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.