കൊടകര: മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കാവനാട് ചിറയില്‍ പായലും ചണ്ടിയും നിറഞ്ഞു. അരക്കോടിയോളം ചെലവില്‍ മൂന്നുവര്‍ഷം മുമ്പ് നവീകരിച്ച ചിറയാണ് വീണ്ടും പുല്ലുമൂടി നശിക്കുന്നത്.
ഒരേക്കറിലധികം വിസ്തൃതിയുള്ള കാവനാട് ചിറ കടുത്ത വേനലില്‍ പോലും ജലസമൃദ്ധമാണ്. മേഖലയിലെ പ്രധാനജലസ്രോതസ്സുമാണ്. ഈ ചിറയില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒരുകാലത്ത് മേഖലയില്‍ നെല്‍കൃഷി ചെയ്തുപോന്നിരുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാനായുള്ള സംവിധാനവും ചിറയിലുണ്ട്.
നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ വിസ്തൃതി കുറയുകയും പാടങ്ങള്‍ പലതും പറമ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തതോടെ ചിറയിലെ വെള്ളം ഉപയോഗിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞു. വര്‍ഷങ്ങളോളം പുല്ലും പായലും മൂടി നാശോന്മുഖമായി കിടന്ന ചിറ നബാര്‍ഡിന്റെ സഹായത്തോടെ കെ.എല്‍.ഡി.സിയാണ് നവീകരിച്ചത്. അരക്കോടി രൂപയോളമാണ് ഇതിനായി ചെലവഴിച്ചത്.
2019ല്‍ ആരംഭിച്ച ചിറയുടെ നവീകരണ പ്രവൃത്തി മൂന്നുവര്‍ഷം മുമ്പാണ് പൂര്‍ത്തിയായത്. വേനല്‍ക്കാലത്ത് മേഖലയിലെ കുളങ്ങളിലും കിണറുകളിലും ജലവിതാനം താഴാതെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്ന കാവനാട് ചിറയുടെ മുഖം ഏറെക്കാലത്തിനുശേഷം തെളിഞ്ഞുകണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും പായലും പുല്ലും ചണ്ടിയും നിറയാന്‍ തുടങ്ങിയത് നാട്ടുകാരെ നിരാശപ്പെടുത്തുകയാണ്. ചുറ്റും വളര്ന്നുനില്ക്കുന്ന കുറ്റിക്കാടുകളും ചിറയിലെ പായലും ചണ്ടിയും നീക്കം ചെയ്ത് ചിറയെ സംരക്ഷിക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.