കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ജങ്ഷനില്‍നിന്ന് ട്രാംവേ പാലം വരെയുള്ള റോഡ് വശങ്ങളില് കോണ്‍ക്രീറ്റ് ഭിത്തി നിർമിച്ച് വീതി കൂട്ടണമെന്ന് ആവശ്യമുയരുന്നു. ഈയിടെ റോഡിന്റെ നൂറുമീറ്ററോളം വീതി വര്‍ധിപ്പിച്ചെങ്കിലും ട്രാംവേ പാലം വരെ പൂര്‍ണമായി വീതി കൂട്ടാത്തതിനാല്‍ സുഗമമായ ഗതാഗതം ഇതുവഴി സാധ്യമാകുന്നില്ലെന്നാണ് പരാതി. ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ചാലക്കുടി-പറമ്പിക്കുളം കൊച്ചിന് ഫോറസ്റ്റ് ട്രാംവേയുടെ ബാക്കി പത്രമായ വെള്ളിക്കുളങ്ങര ട്രാംവേ റോഡിന്റെ ഇരുവശവും കരിങ്കല്‍കെട്ടി വീതി വര്‍ധിപ്പിക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നത്.
പറമ്പിക്കുളം വനത്തില്‍നിന്ന് തീവണ്ടിമാര്‍ഗം ചാലക്കുടിയിലേക്ക് വനവിഭവങ്ങള്‍ കൊണ്ടുവരുന്നതിനായാണ് ഒരുനൂറ്റാണ്ട് മുമ്പ് കൊച്ചിന് ഫോറസ്റ്റ് ട്രാംവേ സ്ഥാപിച്ചത്. 1962ല്‍ ട്രാംവേ നിര്‍ത്തലാക്കിയതോടെ ട്രാംവേ ലൈന്‍ റോഡായി മാറി. വെള്ളിക്കുളങ്ങര ജങ്ഷനില്‍നിന്ന് മോനൊടി ഭാഗത്തേക്ക് ഇപ്പോള്‍ നിലവിലുള്ള റോഡും പാലവും പഴയ ട്രാംവേയുടെ ഭാഗമായിരുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി ഈ റോഡിന്റെ നൂറുമീറ്ററോളം രണ്ടുവര്‍ഷം മുമ്പ് വീതികൂട്ടി കരിങ്കല്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും അപകട സാധ്യത കൂടുതലുള്ള ഭാഗത്ത് ഇനിയും പണികള്‍ നടന്നിട്ടില്ല. വെള്ളിക്കുളങ്ങര ജങ്ഷന് മുതല്‍ ട്രാംവേ പാലം വരെയുള്ള മുന്നൂറ് മീറ്ററോളം റോഡിന്റെ നൂറുമീറ്ററോളമാണ് ഈയിടെ കരിങ്കല്‍കെട്ടി വീതി കൂട്ടിയത്. അവശേഷിക്കുന്ന ഭാഗത്ത് മൂന്നുമീറ്റര്‍ മാത്രമാണ് റോഡിന് വീതിയുള്ളത്.
സ്വകാര്യബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നത് വീതി കുറഞ്ഞ ഈ റോഡിലൂടെയാണ്. മൊത്തം 12 മീറ്റര്‍ വീതിയാണ് റോഡിനുള്ളതെങ്കിലും മൂന്നുമീറ്റര്‍ വീതികഴിഞ്ഞാല് ഇരുവശത്തേക്കും ചരിഞ്ഞുകിടക്കുകയാണ് റോഡ്. ഇതുമൂലം എതിരെ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഈ റോഡിലില്ല. റോഡിന് വീതിക്കുറവായതിനാല്‍ വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിയുന്നത് ഇവിടെ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.