കൊടകര: ഉടുതുണി മാത്രം ബാക്കി വെച്ച് മറ്റെല്ലാം കവര്‍ന്നെടുത്ത തീനാമ്പുകള്‍ ചാമ്പലാക്കിയത് ഏകാന്ത ജീവിതത്തിനിടെ മനീഷ് നെയ്തു കൂട്ടിയ സ്വപ്‌നങ്ങളായിരുന്നു. അന്തിയുറങ്ങാന്‍ സ്വന്തമായൊരു വീട്...പട്ടിണിയില്ലാതെ കഴിയാന്‍ ഒരു തൊഴില്‍..ഇങ്ങനെ ജീവിതത്തിന് നിറം കൊടുക്കാനുള്ള മനീഷിന്‍റെ പരിശ്രമങ്ങളാണ് ഒറ്റ രാത്രി കൊണ്ട് ചാരമായി മാറിയത്. പുത്തന്‍വേലിക്കര സ്വദേശിയായ 32കാരന്‍ മനീഷിന് സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാത്ത അവസ്ഥയാണിപ്പോള്‍.
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാല്‍ പല സ്ഥലങ്ങളിലായി താമസിച്ച് വിവിധ ജോലികളെടുത്താണ് മനീഷ് ഉപജീവനം നടത്തി വന്നിരുന്നത്. നേരത്തെ കിണര്‍ നിര്‍മ്മാണജോലിയാണ് പ്രധാനമായും ചെയ്തുവന്നിരുന്നത്. കിണര്‍നിര്‍മ്മാണത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയാതായപ്പോഴാണ് മറ്റു പണികളിലേക്ക് തിരിഞ്ഞത്. ഉപജീവനമാര്‍ഗം തേടിയുള്ള അലച്ചിലിനിടെ അഞ്ചുവര്‍ഷം മുമ്പാണ് മനീഷ് കോടാലിയിലെത്തിയത്.
നാലുവര്‍ഷത്തോളം ഒരു കടയില്‍ സഹായിയായി ജോലി ചെയ്ത ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് കോടാലിയില്‍ സ്വന്തമായി ഒരു ഫാന്‍സി കട തുടങ്ങിയത്. താമസവും കടക്കുള്ളില്‍ തന്നെയായിരുന്നു. രാത്രിയിലുണ്ടായ തീപിടുത്തത്തില്‍ സമീപത്തെ മറ്റു രണ്ടുകടകള്‍ക്കൊപ്പം മനീഷിന്റെ കൊച്ചുകടയും പൂര്‍ണമായി കത്തിനശിച്ചു. ഓണക്കാലത്തെ കച്ചവടം പ്രതീക്ഷിച്ച് ഈയിടെ കൂടുതല്‍ സ്റ്റോക്ക് ഇറക്കിയതും തീയില്‍ നശിച്ചു. കടക്കുള്ളില്‍ ഉറങ്ങിക്കിടന്ന മനീഷ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണിപ്പോള്‍. ഇനിയെന്ത് എന്നറിയാതെ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.