കൊടകര: വെള്ളിക്കുളം വലിയതോട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം കുഞ്ഞക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. പദ്ധതിയെ ആശ്രയിച്ച് ജലസേചനം നടത്തുന്ന പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ ഉണക്കു ഭീഷണിയിലാണ്.
വെള്ളിക്കുളം വലിയതോടിന്റെ അറ്റത്തുള്ള കുഞ്ഞക്കര പ്രദേശത്താണ് വാസുപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പ് ഹൗസുള്ളത്. പമ്പ് ഹൗസിനോടുചേര്ന്ന കിണറില്‍ ആവശ്യമായ വെള്ളം ഇല്ലാത്തതാണ് പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണം. തോട്ടില്‍ ജലവിതാനം ഉയര്ന്നുനിന്നാലേ പമ്പിങ്ങിനാവശ്യമായ വെള്ളം കിണറില്‍ ഉണ്ടാകൂ. വേനലിൽ കുറുമാലി പുഴയിലെ വാസുപുരം ചക്കാലക്കടവില് നിര്‍മിക്കാറുള്ള താല്‍ക്കാലിക മണ്‍ചിറ ഇത്തവണ ഇല്ലാത്തതാണ് തോട്ടിലെ ജലനിരപ്പ് താഴാന്‍ പ്രധാനകാരണം. ചക്കാലക്കടവില് മണ്‍ചിറ കെട്ടിയാല്‍ പുഴയില്‍ സംഭരിക്കപ്പെടുന്ന വെള്ളം വെള്ളിക്കുളം വലിയതോട്ടിലെ ജലനിരപ്പ് ഉയര്‍ത്താറുണ്ട്.
ഡിസംബര്‍ പകുതിയോടെ പൂര്ത്തിയാകാറുള്ള താല്‍ക്കാലിക മണ്‍ചിറയുടെ നിര്‍മാണം ഫെബ്രുവരി പകുതിയോളമായിട്ടും ഇക്കുറി നടന്നിട്ടില്ലെന്ന് വാസുപുരം കുഞ്ഞക്കര ലിഫ്റ്റ് ഇറിഗേഷന്‍ സമിതി സെക്രട്ടറി പി.ആര്. അജയഘോഷ് പറഞ്ഞു. വാസുപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തിലായതോടെ മേഖലയിലെ ജാതി, വാഴ, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ ഉണക്കുഭീഷണി നേരിടുകയാണ്. മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കുഞ്ഞക്കരയില് സ്ഥാപിച്ച സ്വജല്‍ധാര കുടിവെള്ള പദ്ധതിയുടെയും കുഞ്ഞക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെയും പ്രവര്‍ത്തനത്തെ ജലക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വരന്തരപ്പിള്ളി പഞ്ചായത്തിലെ 15-ാം വാര്‍ഡിലെയും മറ്റത്തൂര്‍ പഞ്ചായത്തിലെ 21-ാം വാര്‍ഡിലെയും കര്‍ഷകരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. കുഞ്ഞക്കര സ്വജല്‍ധാര പദ്ധതിയുടെ പമ്പിങ് ശരിയായി നടക്കാത്തതുമൂലം വരന്തരപ്പിള്ളി പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കുടിവെള്ള വിതരണവും അവതാളത്തിലാണ്. വെള്ളിക്കുളം വലിയതോട്ടിലെ ജലനിരപ്പ് ഉയര്‍ത്തി ജലസേചന പദ്ധതികളുടെയും കുടിവെള്ള പദ്ധതികളുടെയും പമ്പിങ് സുഗമമാക്കാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ചാലക്കുടി വലതുകര മെയിന്‍ കനാലില്‍നിന്ന് വെള്ളിക്കുളം വലിയതോട്ടിലേക്ക് വെള്ളം തുറന്നുവിടുകയോ വാസുപുരം ചക്കാലക്കടവില് ചിറ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും ഇതിനുള്ള നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.