കൊടകര: വേനല്‍ ശക്തമായി കാട് വരണ്ടുണങ്ങി തുടങ്ങിയതോടെ വനാതിര്‍ത്തിയില്‍ തമ്പടിച്ച കാട്ടാനകള്‍ പട്ടിണിയിലായി. ചൊക്കന കാരിക്കടവ് ഭാഗത്ത് തമ്പടിച്ച കാട്ടാനകളാണ് വേണ്ടത്ര തീറ്റയും വെള്ളവും കിട്ടാതെ വലയുന്നത്.
ചൂട് കൂടുമ്പോള്‍ വേനല്‍ വറുതിയെ മറികടക്കാനായി ചിമ്മിനിയിലെ പച്ചപ്പ് നിറഞ്ഞ ഉള്‍ക്കാടുകളിലേക്ക് ചേക്കേറാറുള്ള ആനക്കൂട്ടമാണ് ഇപ്പോഴും കാരിക്കടവ് ഭാഗത്ത് ചുറ്റിത്തിരിയുന്നത്. കൂട്ടത്തില്‍ കുട്ടിയാനകളുള്ളതാണ് ഇവിടെത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറയുന്നു. ചെറിയ കുട്ടികളുമായി ദൂരെയുള്ള കാട്ടിലേക്ക് സഞ്ചരിക്കാന്‍ ആനക്കൂട്ടം മടിക്കുന്നു.
ഉള്‍ക്കാട്ടിലെ കടുവകളുടെ സാന്നിധ്യവും കുട്ടിയാനകള്‍ക്ക് ഭീഷണിയാണ്. മുപ്ലി പുഴയില്‍നിന്ന് വെള്ളം കുടിച്ചും റബര്‍ എസ്റ്റേറ്റിനോടു ചേര്‍ന്നുള്ള കാടുകളില്‍ തീറ്റ തേടിയും കഴിഞ്ഞ ആനകള്‍ ഇപ്പോള്‍ ദുരിതത്തിലാണ്. മുപ്ലി പുഴ പലയിടത്തും വറ്റിവരണ്ടതും അടിക്കാടുകള്‍ ഉണങ്ങാന്‍ തുടങ്ങിയതുമാണ് ആനക്കൂട്ടത്തെ ദുരിതത്തിലാക്കുന്നത്.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോര്‍ജ വേലികളും ആനകള്‍ക്ക് കാട്ടിലേക്ക് മടങ്ങുന്നതിന് വിലങ്ങുതടിയാണ്. റബര്‍തോട്ടങ്ങളില്‍ തമ്പടിച്ച കാട്ടാനകളെ മുഴുവനായി കാടുകയറ്റിയ ശേഷം സൗരോര്‍ജ വേലി സ്ഥാപിച്ചിരുന്നെങ്കില് പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നെന്ന് വനാതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ പറയുന്നു. തീറ്റയും വെള്ളവും കിട്ടാതാവുന്നതോടെ ജനവാസമേഖലയിലെ കൃഷിതോട്ടങ്ങളിലേക്ക് കാട്ടാനക്കൂട്ടങ്ങളെത്തുമെന്ന ആശങ്കയിലാണ് വനാതിര്‍ത്തിയിലുള്ളവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.