കൊടകര: ഒഡിഷയില്‍നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. എറണാകുളം കോടനാട് സ്വദേശി കോട്ടവയല്‍ വീട്ടില്‍ അജി വി. നായര്‍ (29), പാലക്കാട് ആലത്തൂര്‍ ചുള്ളിമട സ്വദേശി ശ്രീജിത്ത് (22) എന്നിവരെയാണ് കൊടകര എസ്.ഐ സി. ഐശ്വര്യയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഒഡിഷയിലെ ഭരാംപൂരില്നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് നെല്ലായി ജങ്ഷനില്‍ വാഹന പരിശോധനക്കിടെ കൊടകര പൊലീസും ജില്ല ലഹരി വിരുദ്ധ സേനയും ചാലക്കുടി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിലെടുത്തു. പ്ലാസ്റ്റിക് ചാക്കുകളിലാക്കി കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കും. എറണാകുളം കേന്ദ്രീകരിച്ച് വില്പന നടത്താനാണ് കൊണ്ടുവന്നതെന്നാണ് സൂചനയെന്നും സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ അജി എറണാകുളം ജില്ലയിൽ കൊലപാതകം, മൂന്നു കൊലപാതക ശ്രമം, പത്തോളം അടിപിടി കേസുകൾ എന്നിവയില്‍ പ്രതിയാണ്. 2023ല്‍ പോത്താനിക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് 21 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എന്‍. മുരളീധരന്, ചാലക്കുടി ഡിവൈ.എസ്.പി ആര്. അശോകന്, കൊടകര ഇന്‍സ്പെക്ടര്‍ കെ. റഫീക്ക്, എസ്.ഐമാരായ സി. ഐശ്വര്യ, വി.ജി. സ്റ്റീഫന്‍, പി.പി. ജയകൃഷ്ണന്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. അലി, കെ. ദിലീപ്, എ.എസ്.ഐമാരായ ഷീബ അശോകന്, മൂസ, വി.യു. സില്‍ജോ, രാജു, സീനിയര്‍ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജോണ്‍, റെജി, ബിനു, ഷിജോ തോമസ്, ശ്രീജിത്ത്, സ്മിത്ത്, സഹദ് ടി. സിദ്ദിഖ്, വിഷ്ണുപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.