representational image

കുങ്കി ആനകൾ വിശ്രമത്തിൽ; പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം വിലസുന്നു

ആമ്പല്ലൂർ: പാലപ്പിള്ളി തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം വിളയാട്ടം തുടരുന്നു. കാട്ടാനകളെ കാടുകയറ്റാൻ മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനകൾ രണ്ടാഴ്ചയായി വിശ്രമത്തിലാണ്. വനം വകുപ്പിന്റെ എലിക്കോട് ഔട്ട് പോസ്റ്റിന് സമീപമാണ് താവളമൊരുക്കിയിരിക്കുന്നത്.

പരിക്കേറ്റ കാട്ടാനയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പറമ്പിക്കുളത്തേക്ക് പോയിരിക്കുകയാണ് വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള ദൗത്യസംഘം. ഇവർ തിരിച്ചെത്തിയതിനു ശേഷമേ പാലപ്പിള്ളി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് കാട് കയറ്റൂ.

പാലപ്പിള്ളി എലിക്കോട്, എച്ചിപ്പാറ പ്രദേശങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. നേരത്തേ പരുന്തുപാറയിൽ ഉണ്ടായിരുന്ന കാട്ടാനക്കൂട്ടമാണ് ഇപ്പോൾ തോട്ടത്തിൽ ചുറ്റിത്തിരിയുന്നതെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നില്ലെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസർ പ്രേം ഷമീർ പറഞ്ഞു. തോട്ടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ചാണ് ഇപ്പോൾ കാട് കയറ്റുന്നത്.

ആർ.ആർ.ടി സംഘം പറമ്പിക്കുളത്തു നിന്ന് എത്തിയാൽ മുക്കണാംകുത്ത് വഴി കാട്ടാനകളെ ചിമ്മിനി കാട്ടിലേക്ക് കയറ്റാനാണ് അധികൃതരുടെ തീരുമാനം. മുമ്പ് വരന്തരപ്പിള്ളി കുട്ടൻചിറ, വേലൂപ്പാടം, കവരമ്പിള്ളി പ്രദേശങ്ങളിൽ ഭീതി പരത്തിയ ഒറ്റയാൻ ഇപ്പോൾ കാടിറങ്ങാത്തതിൽ ഏറെ ആശ്വാസത്തിലാണ് നാട്ടുകാർ.

Tags:    
News Summary - Kungi elephants at rest-A herd of wild elephants in Palapilli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.