തൃശൂർ: വ്യാജ തോക്കും കുരുമുളക് സ്പ്രേയുമായി വൻ കവർച്ച സംഘം തൃശൂരിൽ പിടിയിലായി. പൂമല തെറ്റാലിക്കൽ വീട്ടിൽ ജസ്റ്റിൻ ജോസ് (21), പൂമല വട്ടോളിക്കൽ വീട്ടിൽ സനൽ (19), അത്താണി ആറ്റത്തറയിൽ വീട്ടിൽ സുമോദ് (19), വടക്കാഞ്ചേരി കല്ലമ്പ്ര മണലിപറമ്പിൽ വീട്ടിൽ ഷിബു (29) എന്നിവരാണ് പിടിയിലായത്.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിലെ ഒരു ബാർ ഹോട്ടലിൽ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും നടത്തിയ തിരച്ചിലിലാണ് സംഘം അറസ്റ്റിലായത്. പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവരിൽനിന്ന് ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്പ്രേ, യഥാർഥ തോക്ക് എന്ന് തോന്നിപ്പിക്കുന്ന വ്യാജ തോക്ക്, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് എന്നിവയും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾ ഇതിനുമുമ്പും നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണ്.
ഇവർക്കെതിരെ വടക്കാഞ്ചേരി, വിയ്യൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത്, ഒരുമിച്ച് താമസിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എസ്. ഗീതുമോൾ, ആർ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പളനി സ്വാമി, ടി.വി. ജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്. ലികേഷ്, വിപിൻ, വി. വിജയരാജ്, ടി.എസ്. അജയ്ഘോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.