കുന്നംകുളം: ട്രാൻസിഷൻ സ്റ്റഡീസ് പുറത്തിറക്കിയ 'അതിവേഗ കടപ്പാതകൾ' എന്ന പുസ്തകം കവി റഫീക്ക് അഹമ്മദ് പ്രകാശനം ചെയ്തു. വികസനം സംബന്ധിച്ച ഒരു നവ ഇടതുപക്ഷ പരിപ്രേക്ഷ്യം അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ-റെയിൽ ഒരു നിമിത്തമായിക്കണ്ട് കേരളത്തിൽ മാത്രമല്ല, ലോകത്താകെ പ്രധാനപ്പെട്ട ചില സംവാദ വിഷയങ്ങളെ പൊതുസമൂഹത്തിലേക്ക് വീണ്ടും കൊണ്ടുവരുക എന്നതാണ് 'അതിവേഗ കടപ്പാതകൾ - പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമർശം' എന്ന പുസ്തകംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വികസനത്തെ സംബന്ധിച്ച് പല യുക്തികളും നിലനിൽക്കുന്നുണ്ട്. നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷം പോലും വികസനത്തെ സംബന്ധിച്ച ഒരു ഇടതുപക്ഷ പരിപ്രേക്ഷ്യം കൃത്യമായി മുന്നോട്ടുവെക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിലൊക്കെ പ്രവർത്തിക്കുന്നത് മുതലാളിത്ത യുക്തിതന്നെയാണ്.
ഇന്നത്തെ ലോകത്തിന്റെ അവസ്ഥയിൽ ജീവന്റെ നിലനിൽപുതന്നെ വെല്ലുവിളി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും ഉള്ളപ്പോൾ ചെറിയ വികസനശ്രമം പോലും അത്യധികം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എന്നാൽ, അതിനെയെല്ലാം മുതലാളിത്ത ലാഭേച്ഛയുടെയും ആഡംബര യുക്തികളുടെയും അടിസ്ഥാനത്തിലാണ് സമീപിക്കുന്നത്. 18ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ശാസ്ത്ര സങ്കൽപമല്ല ഇന്നുള്ളത്. പ്രകൃതിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കൂടി ഉൾപ്പെടുത്തിയല്ലാതെ ഒരു വികസനവും സാധ്യമല്ലെന്ന തിരിച്ചറിവിലേക്ക് ആധുനിക ശാസ്ത്രം എത്തിയിട്ടുണ്ട്. എന്നാൽ, മുതലാളിത്ത വികസനത്തിനുവേണ്ടി മുറവിളി കൂട്ടുന്നവർ പിന്തുടരുന്ന ശാസ്ത്രം ഏതാണെന്ന് നമുക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടകാമ്പൽ കെ-റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകൻ പി.എം. അഷ്റഫ് പുസ്തകം ഏറ്റുവാങ്ങി. നീതുദാസ് പുസ്തകം പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.