പൂത്തൂർ: ആശാരിക്കാട് ഗവ. യു.പി സ്കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. ആശാരിക്കാട് ഗവ. യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയർത്താൻ ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. രണ്ടു നിലകളിലായി ആറ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും മൂന്നാം നിലയില്‍ ഓപണ്‍ സ്പേസും അടക്കമാണ് നിർമിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിന്റെ 51ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ ദിനാഘോഷവും നടന്നു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. രവി മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. രജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ജിയ ഗിഫ്റ്റന്‍, ഇ.എന്‍. സീതാലക്ഷ്മി, പി.കെ. അഭിലാഷ്, കെ.വി. അനിത, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഐശ്വര്യ ലിന്റോ, ഗ്രാമപഞ്ചായത്ത് അംഗം മിനി വിനോദ്, ഹെഡ്മിസ്ട്രസ് നിഷ വര്‍ഗീസ്, പി.ടി.എ പ്രസിഡന്റ് വി.ജെ. ഫ്രാന്‍സിസ്, ചേരുംകുഴി പള്ളി വികാരി ഫാദര്‍ ജോസഫ് വൈക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ മുടിക്കോട് വാര്‍ഡിലെ ചാത്തംകുളം നവീകരണത്തിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി കെ. രാജന് നിർവഹിച്ചു. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 3.13 കോടി രൂപയാണ് ചിലവഴിക്കുന്നത്. കുളത്തിന്റെ ആഴംകൂട്ടല്‍, സംരക്ഷണഭിത്തി നിർമാണം, നടപ്പാത നിർമാണം എന്നിവയോടൊപ്പം ഓപ്പണ്‍ ജിംനേഷ്യവും വിഭാവനം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. ചാത്തംകുളത്തിനു സമീപം നടന്ന ചടങ്ങില്‍ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. രവി മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്, ജില്ല പഞ്ചായത്തംഗം പി.എസ്. വിനയന്, ബ്ലോക്ക് അംഗം സുമിനി കൈലാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ഇ.ടി. ജലജന്‍, വാര്‍ഡ് അംഗം ആരിഫ റാഫി തുടങ്ങിയവർ സംസാരിച്ചു.
പുന്നയൂർ: പഞ്ചായത്തിലെ നാലാം വാർഡിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പ്രദേശവാസി ചേന്നാത്തയിൽ ഖാദറിന്റെ സ്മരണക്ക് മക്കൾ സംഭാവനയായി നൽകിയ നാല് സെന്റ് ഭൂമിയിൽ നിർമിച്ച കുടിവെള്ള പദ്ധതി എൻ.കെ. അക്ബർ എം.എൽ.എ നാടിന് സമർപ്പിച്ചു. പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആഷിത, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ, ഷമീം അഷറഫ്, എ.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ സലീന നാസർ, എം.കെ. അറഫാത്ത്, രജനി, ഷൈബ ദിനേശൻ, റസീന ഉസ്മാൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി. ഇക്ബാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മോഹനൻ ഈച്ചിത്തറ, പി.വി. ജാബിർ, ഭൂമി സംഭാവന നൽകിയ ചേന്നാത്തയിൽ ഖാദർ കുടുംബ പ്രതിനിധി അബ്ദുൽ നാസർ ബാവുമ്മൽ, സംഘാടകസമിതി കൺവീനർ കെ. നിസാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എം.വി. സനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ ഷിധി എന്നിവർ സംസാരിച്ചു. പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ നന്ദി പറഞ്ഞു.
മണ്ണുത്തി: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായുള്ള അംഗന്‍ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ മുഴുവന്‍ അംഗൻവാടികള്‍ക്കും ഊര്‍ജകാര്യക്ഷമത ഉപകരണമായ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വിതരണം നടത്തി.
സീറോ കാര്‍ബണ്‍ എന്ന വലിയ ലക്ഷ്യത്തിനൊപ്പം വരും തലമുറക്ക് ഉപയുക്തമാകുന്ന ആശയത്തെ ചെറുപ്രായത്തില്‍ തന്നെ നേരില്‍ കണ്ട് ബോധ്യമാകാന്‍ അംഗൻവാടികളിലൂടെ കുട്ടികള്‍ക്ക് സാധ്യമാകും. അംഗന്‍വാടികളില്‍ പൂര്‍ണമായ സോളാര്‍ സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയും ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ മാടക്കത്തറ, വരന്തരപ്പിള്ളി, വല്ലച്ചിറ, കുഴൂര്‍, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലാണ് കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഹരിതകേരളം മിഷന് എനര്‍ജി മാനേജെ്മെന്റ് സെന്ററുമായി ചേര്‍ന്ന് സംസ്ഥാനത്തെ 3315 അംഗൻവാടികളില്‍ ഊര്‍ജ സ്വയംപര്യാപ്തത കൊണ്ടുവരാനും ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കാനും നടപ്പാക്കുന്ന പദ്ധതിയാണ് അംഗന്‍ജ്യോതി. മാടക്കത്തറ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലതല ഉദ്ഘാടന പരിപാടിയില്‍ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കോഓഡിനേറ്റര്‍ ഡോ. വിമല്‍ കുമാര്‍, നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റര്‍ സി. ദിദിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ല പഞ്ചായത്ത് അംഗം പി.എസ്. വിനയന് തുടങ്ങിയവർ സംസാരിച്ചു.
പുത്തൂര്‍: പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൗണ്ട് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിച്ചു. പൗണ്ട് റോഡ് മുതല്‍ കരിമ്പിന്‍ചിറ വരെ രണ്ട് കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് പുനരുദ്ധാരണം നടത്തുന്നത്. പുത്തൂര്‍ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ കായല്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടൊപ്പം ഈ പ്രദേശത്തെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്നതാണ് പൗണ്ട് റോഡ് വികസനം. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം പി.എസ്. ബാബു, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി.എസ്. സജിത്ത്, ലിബി വര്‍ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം: മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ നഗരസഭ തയാറാക്കിയ സുഭിക്ഷ കാന്റീന് മലിനജല സംസ്കരണ പ്ലാന്റ് എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദ്രവമാലിന്യ സംസ്കരണ രംഗത്ത് പുതിയ മോഡൽ തീർക്കാൻ നഗരസഭക്കു കഴിഞ്ഞത് അഭിമാനകരമാണെന്നും ഇതിന്റെ ഗുണവശങ്ങൾ പൊതുജനങ്ങളിലെത്തിക്കണമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.
നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്പേഴ്സൻ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ. ഷെബീർ, സെക്രട്ടറി വി.എസ്. സന്ദീപ്കുമാര്‍, വാർഡ് കൗൺസിലർ ലെബീബ് ഹസ്സൻ, കൗൺസിലർമാർ, നഗരസഭാംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു. അസി എക്സി. എൻജിനീയർ ഇ.സി. ബിനയ് ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗര സഞ്ചയിക പദ്ധതി പ്രകാരം (അര്‍ബന്‍ എഗ്ലോമറേഷന്) 30 ലക്ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മലിനജല സംസ്കരണ പ്ലാന്റ് നിർമിച്ചത്. പദ്ധതിയുടെ ഭാഗമായി 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ദ്രവമാലിന്യ സംസ്കരണത്തോടൊപ്പം സുഭിക്ഷ കാന്റീനില്‍നിന്നുള്ള പാഴ്ജലം പുനരുപയോഗിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.