തൃശൂർ: സി.പി.എം സമ്മേളനച്ചൂടിലേക്ക് കടന്നിരിക്കെ പ്രചാരണായുധമായി ലൈഫ് മിഷൻ പദ്ധതിയും. തെരഞ്ഞെടുപ്പ് കാലത്ത് ദേശീയതലത്തിൽ വരെ ചർച്ചയായ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദമുയർന്ന ജില്ലയിലെ സി.പി.എം സമ്മേളനത്തിലാണ് പ്രധാന പ്രചാരണായുധങ്ങളിലൊന്നായി സർക്കാർ പദ്ധതിയായ ലൈഫ് മിഷനെ ഉപയോഗിക്കുന്നത്.
ലൈഫ് മിഷൻ ഫ്ലാറ്റിന്റെ മിനിയേച്ചറുകൾ തയാറാക്കി വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവാദമുയർന്ന വടക്കാഞ്ചേരിയിലും അന്ന് ആരോപണമുയർന്ന മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ പ്രതിനിധാനം ചെയ്യുന്ന കുന്നംകുളത്തുമാണ് ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ മിനിയേച്ചറുകൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം വിജിലൻസ് നിയോഗിച്ച വിദഗ്ധ സംഘം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന റിപ്പോർട്ട് കൊടുത്തതിന് പിന്നാലെയാണ് ലൈഫ് മിഷൻ ഫ്ലാറ്റും സി.പി.എം പ്രചാരണത്തിലേക്ക് ഉൾപ്പെടുത്തിയത്. സർക്കാർ പദ്ധതിയാണെങ്കിലും സി.പി.എം പദ്ധതിയായിട്ടാണ് പ്രചാരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ ക്രസന്റിന്റെ സ്പോൺസർഷിപ്പിൽ വടക്കാഞ്ചേരി ചരൽക്കുന്നിൽ 140 പേർക്കുള്ള ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതാണ് വിവാദമായത്.
തിരുവനന്തപുരത്തെ സ്വർണക്കടത്തിൽ പ്രതിയായ സ്വപ്ന സുരേഷ് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം കരാറെടുത്ത യൂനിടാക്കിൽനിന്ന് കമീഷൻ വാങ്ങിയെന്ന ആരോപണത്തിലാണ് പദ്ധതി നിയമക്കുരുക്കിലായത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രധാന ആയുധങ്ങളായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന് നേരിട്ടത്. ഇതിന് ശേഷം സഹകരണ വകുപ്പ് പദ്ധതിയായ കെയർഹോമിൽ 40 പേർക്കുള്ള വീടുകൾ ഇതിന് സമീപത്തായി നാളുകൾക്കു മുമ്പാണ് ഉദ്ഘാടനം കഴിഞ്ഞത്.
വഴിയോരത്ത് ബോർഡുകൾ, കുടിലുകൾ, കാവടി, അരങ്ങ് തോരണങ്ങൾ, നാടൻ കലാരൂപങ്ങൾ ശിൽപങ്ങൾ എന്നിവയൊക്കെ സാധാരണയായി ഒരുക്കുന്ന പ്രചാരണങ്ങളും ഉണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു പ്രചരണം. ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ മിനിയേച്ചർ പ്രചരണം ജില്ല മുഴുവൻ വ്യാപകമാക്കാനും നിർദേശിച്ചിട്ടുണ്ട്.
ഈമാസം 21 മുതൽ 23 വരെ തൃശൂരിലാണ് ജില്ല സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയം പങ്കെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ചികിത്സക്കായി അമേരിക്കയിൽ പോകുന്നതിനാൽ പങ്കെടുക്കുന്നില്ല. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി കെ. രാധാകൃഷ്ണൻ, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, മുൻ മന്ത്രി എ.കെ. ബാലൻ, എം.സി. ജോസഫൈൻ, മന്ത്രി ആർ. ബിന്ദു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവരാണ് പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.